ഇന്ത്യൻ രാഷ്ട്രീയ ചർച്ചകളിൽ അടുത്തിടെ കൂടുതൽ ശ്രദ്ധ നേടുന്ന ഒരു പദമാണ് ‘ജു -ജിറ്റ്സു’. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിവിധ പൊതുപരിപാടികളിലും പ്രസംഗങ്ങളിലും ഈ ജാപ്പനീസ് ആയോധനകലയെ പരാമർശിച്ചതോടെയാണ് ജു - ജിറ്റ്സു പൊതുജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചത്. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ ജന്മദിനാശംസകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ‘നമ്മള്‍ എപ്പോഴാണ് നമ്മുടെ ജു-ജിറ്റ്‌സു സെഷന്‍ ആരംഭിക്കുന്നത്’ എന്നാണ് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ കുറിച്ചത്. അതോടെ ജു-ജിറ്റ്സുവിനെ കുറിച്ച് ഗൂഗിളിൽ തിരയുന്നവരുടെ എണ്ണവും കുത്തനെ ഉയർന്നു.
എന്താണ് ജു -ജിറ്റ്സു?
ജപ്പാനിൽ ഉത്ഭവിച്ച ഒരു പരമ്പരാഗത ആയോധനകലയാണ് ജു -ജിറ്റ്സു. സ്വയം പ്രതിരോധത്തിനും എതിരാളിയെ കീഴ്‌പ്പെടുത്താനും ശാരീരിക ക്ഷമതയും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നതുമായ ഒരു വ്യായാമമുറയാണിത്. ‘ജു’ എന്നാൽ മൃദുത്വം, സൗമ്യത എന്നർത്ഥവും ‘ജിറ്റ്സു’ എന്നാൽ കല അല്ലെങ്കിൽ സാങ്കേതികവിദ്യ എന്നുമാണ് അർഥം. അതിനാൽ ജു -ജിറ്റ്സുവിനെ പൊതുവേ ജെന്റിൽ ആർട്ട് എന്നാണ് വിശേഷിപ്പിക്കുന്നത്. ശാരീരിക ശക്തി മാത്രം ആശ്രയിക്കാതെ, എതിരാളിയുടെ ശക്തിയും ചലനവും തന്നെ ഉപയോഗപ്പെടുത്തി നിയന്ത്രിക്കുകയാണ് ഈ കലയിലെ പ്രധാന ആശയം. പതിവായി ജു-ജിറ്റ്‌സു പരിശീലിക്കുകയാണെങ്കില്‍ അത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കുമെന്നാണ് ഫിറ്റ്നെസ് വിദഗ്ധർ പറയുന്നത്. ഒരേസമയം ഒന്നിലധികം പേശികളെ ഉത്തേജിപ്പിക്കുന്ന ഈ വ്യായാമത്തിലൂടെ ഒരു തവണ 500 മുതൽ 1000 കലോറി വരെ ഇല്ലാതാക്കാൻ കഴിയും.
രാഹുൽ ഗാന്ധിയും ജു -ജിറ്റ്സുവും
2024-ലെ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ എല്ലാ വൈകുന്നേരവും ജു -ജിറ്റ്സു പരിശീലനം നടത്തിയിരുന്നുവെന്ന് രാഹുൽ ഗാന്ധി വെളിപ്പെടുത്തിയിരുന്നു. ഒറ്റയ്ക്ക് പരിശീലിക്കുന്നതിന് പകരം കൂടെയുണ്ടായിരുന്നവരെയും ഇതിൽ പങ്കാളികളാക്കിയിരുന്നു. ശാരീരികക്ഷമതയ്ക്ക് മാത്രമല്ല, മറിച്ച് മാനസിക ആരോഗ്യത്തിന് കൂടി വേണ്ടിയാണ് തന്റെ ജു-ജിറ്റ്സു പരിശീലനം എന്നാണ് അന്ന് രാഹുൽ പറഞ്ഞത്. പിന്നീട് പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗങ്ങളിലും രാഹുൽ ജു -ജിറ്റ്സുവിലെ പല ആശയങ്ങളും രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി സംസാരിച്ചിരുന്നു എതിരാളിയെ നേരിട്ട് ആക്രമിക്കുന്നതിനേക്കാൾ അവന്റെ നീക്കങ്ങൾ മനസ്സിലാക്കി അതിനെതിരെ തന്ത്രപരമായി പ്രവർത്തിക്കുക എന്നതാണ് രാഷ്ട്രീയത്തിലെ ജു-ജിറ്റ്സു എന്ന് സാരം!