പരീക്ഷാക്രമക്കേടുകളിൽ വിദ്യാർഥികളോട് സംവദിച്ച് പ്രതിഷേധമുയർത്തി രാഹുൽഗാന്ധി. ഡെറാഡൂണിലെ റാലിയിൽ സർക്കാരിനെതിരെ രാഹുൽ ആഞ്ഞടിച്ചു. ചോദ്യപേപ്പർ ചോർച്ചകൾ തടയാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും യോജിച്ചുനിൽക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പതിവ് റാലികളിൽനിന്ന് വ്യത്യസ്തമായി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വേദിയിൽ അണിനിരത്തി പ്രശ്നങ്ങൾ തുറന്നുകാട്ടി പ്രതിഷേധം. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ സംഘടിപ്പിച്ച 'ഛാത്രോൻ കി ഗൂഞ്ച്' റാലിയിൽ ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. നിലവിലെ സർക്കാർ കേന്ദ്രീകൃത പരീക്ഷാ സമ്പ്രദായം മാറി സുരക്ഷിതമായ ചോദ്യപേപ്പറുകളുള്ള വിദ്യാർത്ഥി കേന്ദ്രീകൃത സംവിധാനം വേണമെന്ന് രാഹുല്‍ഗാന്ധി.
ഒരു രാഷ്ട്രീയ പാർട്ടിയോ സംഘടനയോ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രണത്തിലാക്കരുത്. കോച്ചിങ് കേന്ദ്രങ്ങൾ മുതൽ ദേശീയ പരീക്ഷാ ഏജൻസിയും വിദ്യാഭ്യാസ മന്ത്രാലയവും വരെ ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടിരിക്കുന്നു. 10 വർഷത്തിനുള്ളിൽ 152 പേപ്പറുകൾ ചോർന്നു, ഇതുവരെ 7.5 കോടി വിദ്യാർഥികൾ ദുരിതമനുഭവിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധി. ആത്മഹത്യ ചെയ്ത നീറ്റ് പരീക്ഷാർഥിയുടെ പിതാവുമായും രാഹുൽ സംവദിച്ചു. ക്രമക്കേടുകള്‍ക്കെതിരെ രാഹുല്‍ ഗാന്ധി സജീവമായി രംഗത്തില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ഡെറാഡൂണിലെ പ്രതിഷേധ സദസ്. നേരത്തെ രാജസ്ഥാനിലെ കോട്ടയിലും രാഹുൽ പ്രതിഷേധ റാലി നടത്തിയിരുന്നു.