ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിൽ രാഷ്ട്രീയ വിയോജിപ്പുകൾ മാറ്റിവെച്ച് പരസ്പര ബഹുമാനത്തോടെയും സൗഹൃദത്തോടെയും ആശംസകൾ പങ്കുവെച്ച് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും രാഹുൽ ഗാന്ധിയും. ജനാധിപത്യത്തിലെ രാഷ്ട്രീയ വിയോജിപ്പുകൾ ഒരിക്കലും വ്യക്തിപരമായ ശത്രുതയായി മാറരുതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കിരൺ റിജിജു ആശംസകൾ നേർന്നത്. "ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. അദ്ദേഹത്തിന് നല്ല ആരോഗ്യവും സന്തോഷവും ദീർഘായുസ്സും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു."

താൻ പരിശീലിക്കുന്ന ബ്രസീലിയൻ ആയോധനകലയായ 'ജിയു-ജിറ്റ്‌സു' (Jiu-Jitsu) പരാമർശിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ മറുപടി. "നമ്മൾ എപ്പോഴാണ് നമ്മുടെ ജിയു-ജിറ്റ്‌സു സെഷൻ ചെയ്യുന്നത്?" എന്നായിരുന്നു ആയുരാരോഗ്യം നേർന്ന മന്ത്രിയോട് രാഹുൽ ഗാന്ധി സ്നേഹപൂർവ്വം ചോദിച്ചത്. കായികരംഗത്ത് വലിയ താല്പര്യമുള്ള കിരൺ റിജിജുവും രാഹുലും തമ്മിലുള്ള ഈ സൗഹൃദ സംഭാഷണം സോഷ്യല്‍ ലോകത്ത് ചര്‍ച്ചയായി.

ENGLISH SUMMARY:

A heartwarming exchange between Union Minister Kiren Rijiju and Opposition Leader Rahul Gandhi on the latter's 56th birthday. During the friendly exchange, Gandhi playfully invited Rijiju to a Jiu-Jitsu session, highlighting a moment of mutual respect overriding political rivalry.