സിപിഎമ്മിന്‍റെ സൈബര്‍ ടീമില്‍ വന്‍ ഭിന്നത. പ്രചാരണങ്ങള്‍ പാളിയെന്നും നിലവിലെ രീതികളില്‍ വിയോജിപ്പുണ്ടെന്നും ചൂണ്ടിക്കാട്ടി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സൈബര്‍ ടീം വിട്ടു. ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍മാരായ കെ.വി.സുധാകരന്‍, കെ.മോഹന്‍ദാസ്, ഇ.എസ്.സുഭാഷ് എന്നിവരാണ് സൈബര്‍ ടീമില്‍ നിന്ന് മാറിയത്. നികേഷ്കുമാറിന്‍റെ രീതികളില്‍ ഇവര്‍ക്ക് കടുത്ത വിയോജിപ്പുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, സമൂഹമാധ്യമങ്ങളിലെ ഇടപെടല്‍ ശരിയാകുന്നില്ലെന്ന് മുഖ്യമന്ത്രിയും അഭിപ്രായപ്പെട്ടതായി സൂചനകളുണ്ട്. സൈബര്‍ ഇടപെടല്‍ പാളുന്നുവെന്ന് പാര്‍ട്ടിയെ അറിയിച്ചതായാണ് വാര്‍ത്തകള്‍.
എല്‍ഡിഎഫിന്‍റെ വികസന മുന്നേറ്റ ജാഥയ്ക്കിടെ കുറ്റ്യാടിയില്‍ വച്ച് മൊയ്തീന്‍കുട്ടിയെന്നയാള്‍ പെന്‍ഷന്‍ കിട്ടിയ പണം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കൈമാറിയതും അദ്ദേഹം തിരികെ നല്‍കിയതും വാര്‍ത്തയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ നേതാക്കള്‍ തന്നെയാണ് തന്നോട് പെന്‍ഷന്‍ പണം ഗോവിന്ദന് നല്‍കാന്‍ ആവശ്യപ്പെട്ടതെന്നും നല്‍കിയാല്‍ അത് തിരിച്ച് തരുമെന്ന് പറഞ്ഞതെന്നും മൊയ്തീന്‍കുട്ടി പിന്നീട് വെളിപ്പെടുത്തിയത് സിപിഎമ്മിന് വലിയ ക്ഷീണമായി. അടിക്കടിയുണ്ടായ ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒരു സംഘം സൈബര്‍ ടീം വിട്ടതെന്നാണ് റിപ്പോര്‍ട്ട്.
സിപിഎമ്മിന്‍റെ സൈബര്‍ ടീമിനെ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മുന്‍കൈയെടുത്താണ് നികേഷ്കുമാറിനെ തലപ്പത്തേക്ക് കൊണ്ടുവന്നത്. എന്നാല്‍ നികേഷ്കുമാര്‍ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നുവെന്നും ഏകാധിപത്യം കാണിക്കുന്നുവെന്നുമാണ് ആക്ഷേപം. മേഖലാജാഥകളില്‍ ഉള്‍പ്പടെ കാര്യമായ പ്രചാരണം നല്‍കാന്‍ കഴിഞ്ഞില്ല. ആഗോള അയ്യപ്പസംഗമം, സ്വര്‍ണക്കൊള്ള തുടങ്ങി പാര്‍ട്ടി പ്രതിരോധത്തിലാകുന്ന വിഷയങ്ങളിലൊന്നും ഫലവത്തായ പ്രതിരോധം തീര്‍ക്കാന്‍ സൈബര്‍ സംഘത്തിന് കഴിയുന്നില്ലെന്നും ടീം വിട്ടുപോയര്‍ ആക്ഷേപം ഉന്നയിക്കുന്നു. നികേഷ്കുമാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഫലവത്താകുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിനും ആക്ഷേപമുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടികള്‍ ഇപ്പോഴും അദ്ദേഹത്തിന്‍റെ ഓഫിസ് തന്നെ ഏകോപിപ്പിക്കുന്നെതന്നും നേതാക്കള്‍ പറയുന്നു. അതേസമയം, പരസ്യ പ്രതികരണത്തിന് സൈബര്‍ ടീം വിട്ടവര്‍ തയാറായിട്ടില്ല.