കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ അതിരില്ലാത്ത ആകാംഷ പൊതുസമൂഹത്തിനുണ്ട് . പൊതുരംഗത്തെ മികച്ച പ്രവര്‍ത്തനം മാനദണ്ഡമാക്കുമ്പോള്‍ രാഷ്ട്രീയ കേരളത്തിന്‍റെ മനസ്സില്‍ ഒട്ടേറെ പേരുകളുമുണ്ട്. ഈ നേതാക്കളില്‍ ആരാണ് മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നായിരുന്നു മനോരമ ന്യൂസ് ഇലക്ഷന്‍ പള്‍സ് സര്‍വേയിലെ ചോദ്യം. ഡിസംബറിലും ജനുവരിയിലും ഈ ചോദ്യത്തിനുത്തരം പിണറായി വിജയനെന്നായിരുന്നു . ഡിസംബറില്‍ ഏറെ പിന്നിലായിരുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ജനുവരിയായപ്പോള്‍ റേറ്റിങ് ഇരട്ടിയാക്കി . ഫെബ്രുവരി ആദ്യവാരത്തെ റേറ്റിങ്ങില്‍ വി.ഡി.സതീശന്‍ മുന്നിലെത്തി. 24.1 ശതമാനം പേര്‍ സതീശനെ പിന്തുണച്ചപ്പോള്‍ പിണറായിക്കൊപ്പം നിന്നത് 22.4 ശതമാനമായിരുന്നു.
വി. ഡി. സതീശന്‍റെ റേറ്റിങ് ഉയരുന്നതാണ് ഫെബ്രുവരി രണ്ടാം വാരത്തിലെ സര്‍വേഫലം വ്യക്തമാക്കുന്നത്. 28.5 ശതമാനാണ് പുതിയ റേറ്റിങ്ങില്‍ സതീശനെ പിന്തുണയ്ക്കുന്നത് . മുഖ്യമന്ത്രി പിണറായി വിജയന്‍റെ റേറ്റിങ് 22.4 ശതമാനത്തില്‍ നിന്ന് 19 ശതമാനത്തിലേക്ക് താഴ്ന്നു. തരൂരിന് പിന്തുണയില്‍ നേരിയ വര്‍ധന. രണ്ടാം വാരം 12%, ആദ്യവാരം 11.3 %.
സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും 18 വയസിന് മുകളില്‍ പ്രായമുള്ള മലയാളി വോട്ടര്‍മാരുടെ പ്രതികരണമാണ് മനോരമന്യൂസ് സി–വോട്ടര്‍ സര്‍വേയില്‍ ശേഖരിച്ചത്. കേരളത്തിന്‍റെ ജനസംഖ്യാഘടന അനുസരിച്ചുള്ള സാമ്പിള്‍ ശേഖരിച്ചായിരുന്നു സര്‍വേ.