കവി സച്ചിതാനന്ദനും, സാറാ ജോസഫുമടക്കം സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകര്‍ ഭരണത്തെയും ഭരണകൂടത്തെയും വിലയിരുത്തി പ്രതികരണങ്ങള്‍ നടത്തിയ സാഹചര്യത്തിലാണ് എഴുത്തുകാരുടെ വാക്കുകള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ എന്ന ചോദ്യം മനോരമ ന്യൂസ് ഇലക്ഷന്‍ പള്‍സ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ഈ ചോദ്യത്തോട് സര്‍വേയില്‍ പങ്കെടുത്തവര്‍ സജീവമായാണ് പ്രതികരിച്ചത്. എഴുത്തുകാരുടെ പ്രതികരണം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. 51.6 ശതമാനം പേര്‍ക്ക് ഈ നിലപാടായിരുന്നു. എഴുത്തുകാരുടെ നിലപാട് സ്വാധീനിക്കുമെന്ന് 28.7 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 19.9 ശതമാനം പേര്‍ക്ക് അഭിപ്രായം ഉണ്ടായിരുന്നില്ല.
തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരുമടക്കം ഭരണത്തെ കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. കേരളത്തിന് നല്ലത് രണ്ടുമുന്നണികളും മാറിമാറി ഭരിക്കുന്നതാണ് നല്ലതെന്നായിരുന്നു കവി സച്ചിദാനന്ദന്‍റെ പ്രതികരണം. അങ്ങനെ പറയാന്‍ പ്രധാനകാരണം ബംഗാളിലെ അനുഭവമാണ്. പാര്‍ട്ടി ആഗ്രഹിക്കാത്ത ആളുകള്‍ പാര്‍ട്ടിയിലേക്ക് സ്വര്‍ഥലക്ഷ്യത്തോടെ കടന്നുവരുന്ന സാധ്യത കൂടുന്നു. ന്യൂനപക്ഷം അപകടത്തിലാകുന്ന സാഹചര്യത്തില്‍ അവരെ പിന്തുണയ്ക്കുകയും കൂടെ നില്‍ക്കുയും ചെയ്യുക എന്നത് ലോകം മുഴുവനുമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മുദ്രാവക്യമാണെന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു.
എല്ലാ ഭരണവര്‍ഗങ്ങള്‍ക്കും ആവശ്യം വര്‍ഗീയ, മതശക്തികളെയാണ്. അവരെ കൂട്ടുപടിക്കുന്നവര്‍ ജനധിപത്യ മതേതര ഇന്ത്യ എന്ന സങ്കല്‍പത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും സാറാ ജോസഫ് ആരോപിച്ചു.