നടന്‍ പ്രേംകുമാറിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ തിരക്കിട്ട നീക്കം. കെ.സി.വേണുഗോപാല്‍ പ്രേംകുമാറുമായി സംസാരിച്ചു. നാളെ എന്ത് സംഭവിക്കുമെന്ന് ഇന്നെനിക്ക് പറയാനാകില്ലെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ തനിക്കാകില്ല. ഒരു പാർട്ടിയുടെ ചട്ടക്കൂടില്‍ നിൽക്കാൻ താല്‍പര്യമില്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. അച്ഛനടക്കം തന്റെ കുടുംബക്കാരെല്ലാം കോണ്‍ഗ്രസുകാരാണ്. ഒരിക്കലും സിപിഎം അംഗത്വം എടുത്തിട്ടില്ല. താൻ ഒരു ഉറച്ച ദൈവ വിശ്വാസിയാണെന്നും പ്രേംകുമാര്‍ വിശദീകരിച്ചു.
Also Read: 'പറഞ്ഞുവിടുമ്പോൾ ഒരു മാന്യത ഉണ്ടാകണം, അത് കാണിച്ചില്ല'; പ്രേം കുമാർ.
ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ കൂടിയായായ പ്രേംകുമാര്‍ സിപിഎമ്മിനോടു സമീപകാലത്ത് അകല്‍ച്ചയിലാണ്. ചലച്ചിത്ര അക്കാദിമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പ്രതിഷേധം തുറന്നു പറഞ്ഞതോടെ അഭിപ്രായവ്യത്യാസം മറനീക്കി. ഇതിനിടെ താരം തന്റെ കെ.എസ്.യു പശ്ചാത്തലം വെളിപ്പെടുത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തി. ഇതോടെയാണ് പ്രേംകുമാറിനെ കോണ്‍ഗ്രസിലെത്തിക്കാനുള്ള ചരടുവലി തുടങ്ങിയത്. ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയത് ആശാ സമരത്തെ പിന്തുണച്ചുകൊണ്ടാണെന്നു പ്രേംകുമാര്‍ ആരോപിക്കുന്നു.
കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ ഉയര്‍ത്തുന്ന വിഷയവും ആശാ സമരമാണ്. അതിനാല്‍ പ്രേംകുമാറിനെ ക്ഷണിക്കുന്നതില്‍ തെറ്റില്ലെന്നും കാണുന്നു. കഴക്കൂട്ടം സ്വദേശിയായ പ്രേംകുമാറുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. പക്ഷെ പ്രേംകുമാര്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്നലത്തെ പരസ്യപ്രതികരണത്തിന് ശേഷം മന്ത്രി സജി ചെറിയാന്‍ നടത്തിയ വിശദീകരണത്തിലും പ്രേംകുമാറിന് അതൃപ്തിയുണ്ട്. അതിനാല്‍ സി.പി.എമ്മിന്‍റെയും സര്‍ക്കാരിന്‍റെയും ഭാഗത്ത് നിന്നുള്ള തുടര്‍നീക്കങ്ങള്‍ അറിഞ്ഞ ശേഷം രാഷ്ട്രീയമാറ്റത്തില്‍ തീരുമാനമെടുക്കാമെന്ന ആലോചനയിലാണ് പ്രേംകുമാര്‍. പ്രേംകുമാര്‍ പച്ചക്കൊടി കാട്ടിയാല്‍ പ്രതിപക്ഷ നേതാവിന്‍റെ പുതുയുഗ യാത്ര തലസ്ഥാനത്തെത്തുമ്പോള്‍ മറ്റൊരു വിസ്മയം യാഥാര്‍ഥ്യമാക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.