ഗ്രൂപ്പ് പോര് തെരുവിലെത്തിയതിന് പിന്നാലെ ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റിയിൽ വൻ അഴിച്ചുപണി. ശോഭാ സുരേന്ദ്രൻ പക്ഷത്തെ നേതാക്കളെ പ്രധാന പദവികളില്‍ നിന്ന് ഒഴിവാക്കി. സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ക്ക് ജില്ലയിൽ നിന്ന് പരാതികൾ ലഭിച്ചതിനെ തുടർന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ആർഎസ്എസും തർക്കത്തിൽ ഇടപെടുകയായിരുന്നു.
ആലപ്പുഴയില്‍ ബിജെപിക്ക് നോർത്ത്, സൗത്ത് ജില്ലാ കമ്മിറ്റികളാണുള്ളത്. ആലപ്പുഴ നോര്‍ത്ത് ജില്ലയിൽ കെ.സുരേന്ദ്രൻ - ശോഭാ സുരേന്ദ്രൻ പക്ഷങ്ങൾ തമ്മിലാണ് പോരാട്ടം. ഭാരവാഹികൾ ജാതി തിരിഞ്ഞും രണ്ട് ഗ്രൂപ്പുകളായി പ്രവർത്തിക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നേതൃത്വത്തിന് ഒട്ടേറെ പരാതികള്‍ ലഭിച്ചു. തർക്കം തെരുവിൽ പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടല്‍ വരെയായി. സംസ്ഥാന പ്രസിഡൻ്റ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത പരിപാടിക്കുശേഷമായിരുന്നു പ്രവർത്തകരുടെ തമ്മിലടി.
തുടര്‍ന്ന് മൂന്ന് ജില്ലാ ജനറൽ സെക്രട്ടറിമാരെ മാറ്റി. ജനറൽ സെക്രട്ടറിമാരായിരുന്ന അരുൺ അനിരുദ്ധൻ, വിമൽ രവീന്ദ്രൻ, കെ.പി.പരീക്ഷിത്ത് എന്നിവരെ വൈസ് പ്രസിഡന്റുമാരാക്കി. മധ്യമേഖലാ സെക്രട്ടറി പി.കെ.വാസുദേവൻ, മുല്ലയ്ക്കൽ ഏരിയ പ്രസിഡന്‍റ് കണ്ണൻ മുല്ലയ്ക്കൽ, ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ടി.സജീവ് ലാൽ എന്നിവരെ ഇവർക്ക് പകരം ജില്ലാ ജനറൽ സെക്രട്ടറിമാരാക്കി. Read More: ശോഭ സുരേന്ദ്രന്‍ എവിടെ മല്‍സരിക്കും?
മൂന്ന് വൈസ് പ്രസിഡന്റുമാരെ ജില്ലാ കമ്മിറ്റി അംഗങ്ങൾ മാത്രമാക്കി. അഭിലാഷ് മാപ്പറമ്പിൽ, ഗീതാ രാംദാസ്, സന്ധ്യാ സുരേഷ് എന്നിവരെയാണു മാറ്റിയത്. മാരാരിക്കുളം, അരൂർ, തകഴി, പാണാവള്ളി മണ്ഡലം പ്രസിഡന്റുമാരെയും മാറ്റി. മണ്ഡലം പ്രസിഡന്റുമാരായിരുന്ന അശ്വതി അറുമുഖം, ഷിജേഷ് ജോസഫ്, പ്രസാദ് തകഴി എന്നിവരെ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ മാത്രമാക്കി.
ജില്ലാ ഭാരവാഹികളെ ചേർത്തുള്ള മോർഫ് ചെയ്ത ദൃശ്യങ്ങൾ ഒരു വിഭാഗം പ്രചരിപ്പിച്ചിരുന്നു. ഒഴിവാക്കപ്പെട്ട വനിത മണ്ഡലം പ്രസിഡൻ്റാണ് ഇതിന് പിന്നിലെന്നായിരുന്നു ആരോപണം. ഇതോടെയാണു തർക്കം രൂക്ഷമായത് രണ്ടു പക്ഷവും വാട്സ് ആപ് ഗ്രൂപുകൾ വഴിയും പോരാടിയിരുന്നു.