ഫയല്‍ ചിത്രം
നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും പരിഗണനയില്‍. ആലപ്പുഴയിലെ അരൂരോ കായംകുളമോ വിട്ടുനല്‍കാന്‍ ബിഡിജെഎസ് വിമുഖത പ്രകടിപ്പിക്കുന്നതിനാലാണ് ഇത്. എറണാകുളം ജില്ലയിലെ ആറുമണ്ഡലങ്ങള്‍ എന്‍ഡിഎയില്‍ പുതുതായി എത്തിയ ട്വന്‍റി20യ്ക്ക് നല്‍കുമെന്നും സൂചനയുണ്ട്. എന്‍ഡിഎ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക 27നോ 28നോ പ്രഖ്യാപിക്കും.
നേമത്തെപ്പോലെ, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപി ഒന്നാമതെത്തിയ വട്ടിയൂര്‍ക്കാവില്‍ ബിജെപി പരിഗണിക്കുന്നവരുടെ പട്ടികയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും. ശോഭ മല്‍സരിക്കുമെന്ന് കരുതിയിരുന്ന ആലപ്പുഴ ലോക്സഭാമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അരൂര്‍, കായംകുളം മണ്ഡലങ്ങള്‍ ബിഡിജെഎസാണ് കഴിഞ്ഞതവണ മല്‍സരിച്ചത്. അവര്‍ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന ഈ മണ്ഡലങ്ങള്‍ വിട്ടുനല്‍കാന്‍ വിമുഖത പ്രകടപ്പിക്കുന്ന സാഹചര്യത്തിലാണ് ശോഭയെ പാലക്കാടിന് പുറമെ വട്ടിയൂര്‍ക്കാവിലും പരിഗണിക്കുന്നത്. മുന്‍ സംസ്ഥാനഅധ്യക്ഷന്‍ കെ.സുരേന്ദ്രനും പാലക്കാടിന് പുറമെ വട്ടിയൂര്‍ക്കാവിലും പരിഗണനാപട്ടികയിലാണ് . ഇവിടെ സ്ഥാനാര്‍ഥിയായി കോര്‍പറേഷന്‍ കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയെ മല്‍സരിപ്പിക്കാനും ആലോചനയുണ്ട്. നടന്‍ ജി.കൃഷ്ണകുമാര്‍ മല്‍സര സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ കണ്ണെറിയുന്നവര്‍ ഏറുന്നുവെന്ന് ചുരുക്കം.
അതേസമയം, നേമത്ത് മല്‍സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേരത്തെ പ്രഖ്യാപിച്ചുകഴിഞ്ഞു. വി.മുരളീധരനും കഴക്കൂട്ടത്തുനിന്ന് മാറ്റമുണ്ടാകില്ല. ട്വന്‍റി 20 കൂടി ഉള്‍പ്പെടുന്ന ആദ്യ എന്‍ഡിഎ യോഗത്തില്‍ സീറ്റുചര്‍ച്ചകള്‍ ഉണ്ടായില്ലെങ്കിലും എറണാകുളം ജില്ലയിലെ ആറിടങ്ങളില്‍ ട്വന്‍റി 20 മല്‍സരിക്കുമെന്നാണ് സൂചന. 2021 ല്‍ എന്‍ഡിഎ നാലാംസ്ഥാനത്തായ കുന്നത്തുനാട്, പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, വൈപ്പീന്‍, കൊച്ചി എന്നീ മണ്ഡലങ്ങളിലാണ് ട്വന്‍റി 20 മല്‍സരിക്കുക. കഴിഞ്ഞതിരഞ്ഞെടുപ്പില്‍ ഇവിടെയെല്ലാം ട്വന്‍റി 20 യാണ് മൂന്നാമതെത്തിയത്. കേരളത്തിന്‍റെ തിരഞ്ഞെടുപ്പ് ചുമതലുള്ള ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവഡെ, സഹചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശോഭാ കരന്തലജെ എന്നിവര്‍ അടുത്തയാഴ്ച എത്തുന്നതോടെ സീറ്റുവിഭജന ചര്‍ച്ചകള്‍ സജീവമാകും. 27 നോ 28 നോ അന്‍പത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ബിജെപി തയാറെടുക്കുന്നത്.