വിഡി സതീശനെതിരെ സ്ഥാനാർഥിയെ നിർത്താതെ ഹിന്ദു വോട്ടർമാർ സ്ട്രാറ്റജിക് വോട്ടിങ് നടത്തണമെന്ന ടിപി സെൻകുമാറിന്റെ വാക്കുകളെ എടുത്തുകാട്ടി സിപിഎം - ബിജെപി അന്തർധാരയെപ്പറ്റി ഫെയ്സ്ബുക്ക് പോസ്റ്റുമായി വിടി ബൽറാം.  എന്താണ് സിജെപി എന്നതിൻ്റെ കൃത്യമായ ഉത്തരമാണ് സെൻകുമാറിന്റെ വാക്കുകളെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ‌ കുറിച്ചു. 

സ്ട്രാറ്റജിക് വോട്ടിംഗ് എന്ന പേരിലുള്ള ഈ വോട്ട് മറിക്കലും, മതനിരപേക്ഷ നിലപാടുള്ളവരെ തിരഞ്ഞ് പിടിച്ച് തോൽപ്പിക്കലും പറവൂരിൽ മാത്രമല്ല കേരളത്തിൽ പലയിടത്തും നടക്കും. 2026ലെ തിരഞ്ഞെടുപ്പിൽ ചെയ്യാൻ പോകുന്നത് മാത്രമല്ല, 2021 ലെ തിരഞ്ഞെടുപ്പിൽ ഇവർ ചെയ്തതും ഇതു തന്നെയാണ്.- വിടി ബൽറാം ആരോപിക്കുന്നു. 

പറവൂരിൽ വിഡി സതീശനെതിരെ ബിജെപി സ്ഥാനാർഥിയെ നിർത്താതെ ഹിന്ദു വോട്ടർമാർ സ്ട്രാറ്റജിക് വോട്ടിങ് നടത്തണമെന്ന് ടിപി സെൻകുമാർ പറഞ്ഞതായി വാർത്തകൾ വന്ന പശ്ചാത്തലത്തിലാണ് ബൽറാമിന്റെ പോസ്റ്റ്.  ബിജെപി സ്ഥാനാർഥിയെ നിർത്തിയാൽ വി.ഡി സതീശൻ ചെറിയ ഭൂരിപക്ഷത്തിലെങ്കിലും ജയിച്ചുകയറും. എന്നാൽ ഹിന്ദു വോട്ടർമാർ ഏറ്റവും കൂടുതൽ ഹിന്ദുക്കൾക്ക് ദ്രോഹം ചെയ്യുന്ന ആൾ എന്ന നിലയിൽ സതീശനെതിരെ തന്ത്രപരമായ നിലപാട് സ്വീകരിച്ചാൽ രണ്ടാമത് നിൽക്കുന്ന സ്ഥാനാർഥിക്ക് ആ വോട്ട് ലഭിക്കുമെന്നും സതീശനെ പരാജയപ്പെടുത്താൻ കഴിയുമെന്നും സെൻകുമാർ പറഞ്ഞിരുന്നു. 

ബിജെപി ശക്തനായ സ്ഥാനാർഥിയെ നിർത്തിയാൽ കൂടുതൽ വോട്ട് നേടുമെങ്കിലും സതീശൻ തന്നെയാണ് വിജയിക്കുകയെന്നും സെൻകുമാർ വ്യക്തമാക്കിയിരുന്നു. വിജയസാധ്യതയുള്ള 36 മണ്ഡലങ്ങളിൽ ബിജെപി നന്നായി ശ്രദ്ധിക്കണമെന്നും കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 11 അസംബ്ലി സീറ്റുകളിൽ ബിജെപിക്ക് ഭൂരിപക്ഷമുണ്ടായിരുന്നുവെന്നും സെൻകുമാർ പറഞ്ഞിരുന്നു. 

ENGLISH SUMMARY:

VT Balram highlights TP Senkumar's call for strategic voting against VD Satheesan, alleging a BJP-CPM nexus. He criticizes this vote manipulation and targeting of secular individuals, claiming it occurred in previous elections as well.