പത്തുവർഷത്തെ കാത്തിരിപ്പിനൊടുവിൽ അധികാരത്തിൽ തിരിച്ചെത്തിയ യു.ഡി.എഫ്. സർക്കാരിന്റെ ആറു മാസം, പ്രതീക്ഷകളുടെ പ്രകാശത്തേക്കാൾ അധികാര വടംവലികളുടെയും പരസ്യമായ അപശ്രുതികളുടെയും നിഴലിലാണ് കടന്നുപോകുന്നത്. വകുപ്പിലെ കാര്യങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന കെ.പി.സി.സി. പ്രസിഡന്റിന്റെ തുറന്നുപറച്ചിൽ, തീരുമാനങ്ങളൊന്നും താനറിയുന്നില്ലെന്ന മുന്നണി കൺവീനറുടെ അതൃപ്തി, മന്ത്രിസഭയ്ക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങള്‍,  പദവി വീതംവയ്പ്പിലെ ഘടകകക്ഷി പരാതികൾ, ഇപ്പോഴിതാ എ ഗ്രൂപ്പ് നേതാക്കൾ പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിച്ച സാഹചര്യം. ആറുമാസം തികയുമ്പോൾ തന്നെ സര്‍ക്കാരിന്റെ 'ഹണിമൂൺ പിരീഡ്' കലുഷിതമായിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

ജനക്ഷേമ പദ്ധതികളും 102 സീറ്റുകളുടെ വലിയ ഭൂരിപക്ഷവും ചൂണ്ടിക്കാട്ടി "ജനാധിപത്യത്തിന്റെ മനോഹാരിത" എന്നും "മാധ്യമസൃഷ്ടി" എന്നും പറഞ്ഞ് തർക്കങ്ങളെ ലഘൂകരിക്കാൻ ഭരണപക്ഷം ശ്രമിക്കുമ്പോൾ, കൂട്ടായ ഉത്തരവാദിത്തം നഷ്ടപ്പെട്ട ഭരണസ്തംഭനമായി ഇതിനെ പ്രതിപക്ഷം ആയുധമാക്കുന്നു. എന്നാൽ, അധികാരത്തിന്റെയും പദവികളുടെയും കണക്കെടുപ്പുകൾക്കിടയിൽ, പത്തുവർഷം കാത്തിരുന്ന താഴെത്തട്ടിലെ പ്രവർത്തകരുടെ നിരാശയും, മാറ്റം പ്രതീക്ഷിച്ച സാധാരണ ജനങ്ങളുടെ വിശ്വാസവുമാണ് യഥാർത്ഥത്തിൽ പരീക്ഷിക്കപ്പെടുന്നത്. ഇത് ഭരണപരമായ ഏകോപനക്കുറവും അധികാര കേന്ദ്രീകരണവുമാണോ, അതോ പഴയ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും മുന്നണി തർക്കങ്ങളുടെയും പതിവ് ആവർത്തനം മാത്രമാണോ? കേന്ദ്രസര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും എതിരായ പോരാട്ടവും, നിയമസഭ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സംസ്ഥാനങ്ങളിലെ ഭിന്നതകളും ഇപ്പോള്‍ തന്നെ ഹൈക്കമാന്‍ഡിന് മുന്നിലുള്ളപ്പോള്‍, ആ ലിസ്റ്റിലേക്ക് കേരളത്തിലെ തര്‍ക്കം കൂടിയെത്തുമ്പോള്‍ പ്രതീക്ഷിക്കേണ്ടത് എന്താണ്? ഹൈക്കമാന്‍ഡ് ഇടപെടുമോ? ഇടപെടുകയാണെങ്കില്‍ പരിഹരിക്കേണ്ടത് എന്തെല്ലാമാണ്? 

ENGLISH SUMMARY:

the first six months of the newly returned UDF government in Kerala are marred by severe internal conflicts, public disagreements, and power struggles. This turbulent honeymoon period has led to widespread frustration among grassroots workers and ordinary citizens who expected stable governance.