മനോരമയുടെ 'ന്യൂസ് മേക്കർ' പുരസ്കാരത്തിന് ഓരോ വർഷവും വർത്തമാനകാല പ്രസക്തിയുണ്ടെന്നും അതിൽ ഒരു ജനഹിതമുണ്ടെന്നും കേരള ടൂറിസം വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ്. ഇത്തവണ ന്യൂസ് മേക്കർ ആയി വിഡി സതീശൻ തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'കേരള രാഷ്ട്രീയത്തിലെ ഏറ്റവും ക്ലാരിറ്റിയുള്ള നേതാവായി അദ്ദേഹത്തെ ഞാൻ കാണുന്നു. ഇത് എഴുതുമ്പോൾ ചിലരെങ്കിലും ഞാൻ കോൺഗ്രസുകാരനാണ് എന്നു പറഞ്ഞു വന്നേയ്ക്കാം. മുമ്പൊരിക്കൽ ശബരീനാഥിനെപ്പറ്റി എഴുതിയപ്പോഴും ഞാനാരാധിക്കുന്ന മോദിജിയെപ്പറ്റിയും വിവി രാജേഷിനെപ്പറ്റിയും എഴുതിയപ്പോഴും, സ്ഥിരം എന്നെ വായിക്കാത്ത, അല്ലെങ്കിൽ വായിച്ചിട്ടും അതുവരെ പ്രതികരിക്കാത്ത അപൂർവ്വം ചിലരെങ്കിലും ആ രീതിയിൽ പ്രതികരിച്ചിരുന്നു.
നമ്മിൽ ചിലരുടെ മൈൻഡ് സെറ്റ് അങ്ങനെ ആയിപ്പോയി!. നമ്മൾ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന് പുറത്തു നിൽക്കുന്ന ആരെയും ഒന്നിനെയും നമ്മൾ പിന്തുണയ്ക്കാനും സ്നേഹിക്കാനും അഭിനന്ദിക്കാനും പുകഴ്ത്താനും പാടില്ല എന്നതാണ് ആ മൈൻഡ് സെറ്റ് !. അതിനെ മാറ്റുക അത്ര എളുപ്പമല്ല. അതുകൊണ്ട് അതിനെ ഇവിടെ വിടുന്നു.
എന്നാൽ സ്ഥിരം എന്നെ വായിക്കുന്നവർക്ക് എൻറെ രാഷ്ട്രീയം മനസ്സിലായിക്കാണും എന്നു ഞാൻ വിശ്വസിക്കുന്നു. അത് ഈ അടുത്തകാലത്ത് ഞാൻ പറയാതെ പറഞ്ഞതുമാണ്. പക്ഷേ അത് അത്രയ്ക്കങ്ങ് തുറന്നു വെളിപ്പെടുത്തേണ്ട കാര്യമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. എന്നെ വായിക്കുന്നവരിൽ എല്ലാ രാഷ്ട്രീയ പ്രവർത്തകരും അനുഭാവികളും ഉണ്ട് എന്നതും രാഷ്ട്രീയം എൻറെ എഴുത്തിൻറെ പ്രധാന വിഷയമേ അല്ല എന്നതും അതിന്റെ ഒരു കാരണമാണ്.
അവരെ ഞാൻ ബഹുമാനിക്കേണ്ടതുണ്ട്, അവരുടെ വിശ്വാസങ്ങളെ ഞാൻ മാനിക്കേണ്ടതുണ്ട്. രാഷ്ട്രീയ പ്രവർത്തനം എന്നത് സ്വാതന്ത്ര്യം തീരെ കുറഞ്ഞ അച്ചടക്കവും രാഷ്ട്രീയ അനുഭാവം എന്നത് പൂർണ്ണസ്വാതന്ത്ര്യവുമായതിനാൽ രണ്ടാമത്തേതാണ് എനിക്കിഷ്ടം!. ഏറ്റവും ക്ലാരിറ്റിയുള്ള നേതാവ് എന്ന് ഞാൻ പറയുമ്പോൾ അത് എം.ജി. ശ്രീകുമാറിന്റെ ചലച്ചിത്ര ഗാനം പോലെയാണ്. അക്ഷരങ്ങളെ എത്ര ഭംഗിയായും സ്ഥുടതയോടു കൂടിയും തികഞ്ഞ ക്ലാരിറ്റിയോടു കൂടിയുമാണ് എംജി ഓരോ ഗാനത്തിലും അവതരിപ്പിക്കുന്നത്!
അക്ഷരങ്ങളെ അങ്ങനെ അവതരിപ്പിക്കുമ്പോൾ വാക്കുകളും വരികളും അവയിലെ ആശയവും അത്രത്തോളം ക്ലാരിറ്റിയിൽ നമ്മുടെ മുന്നിലും മനസ്സിലും എത്തുന്നു. എത്ര കടുകട്ടിയുള്ള പദാവലി നിറഞ്ഞ ഗാനവും അദ്ദേഹത്തിന് കൊടുക്കൂ, ഓരോ അക്ഷരവും അരിമണിപോലെ പെറുക്കിപ്പെറുക്കി വച്ച് അദ്ദേഹം പാടിത്തരും. അതുപോലെയാണ് വിഡി സതീശൻ. ഓരോ വിഷയത്തിലും ഓരോ സംഭവത്തിലും അദ്ദേഹത്തിന് ക്ലാരിറ്റി ഉണ്ട്.
ഭാഷ അദ്ദേഹത്തിന് അതിമനോഹരമായി വഴങ്ങും. അത് മാതൃഭാഷ ആയാലും ഇംഗ്ലീഷ് ആയാലും. ലോകത്തിലെ ഏതു വേദിയിലും പരസഹായം ഇല്ലാതെ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്യാൻ അദ്ദേഹത്തിന് കഴിയും. അദ്ദേഹത്തിൻ്റെ നിലപാടുകൾ ദൃഢമാണ്. അപ്പോൾ ചോദിക്കും നിലപാടുകളിൽ നിന്നും അദ്ദേഹം ഒരിക്കലും പുറകോട്ട് പോയിട്ടില്ലേ എന്ന് !
അർത്ഥരഹിതമായ ചോദ്യമാണത്. നമ്മുടെ നിലപാട് തെറ്റെന്ന് എന്നെങ്കിലും ബോധ്യമായാൽ പുറകോട്ടു പോവുക തന്നെ വേണം.അപ്പോഴും തെറ്റായ നിലപാടുകളിൽ പിടിച്ചു തൂങ്ങുന്നവൻ പൊതുപ്രവർത്തകൻ ആകാൻ യോഗ്യനല്ല. മുന്നണി സംവിധാനങ്ങളിൽ അതിൻ്റേതായ കോംപ്രമൈസുകളും വേണ്ടിവരും.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്റെ അതേ ട്രെൻഡ് ആവും നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാവുകയെങ്കിൽ യു.ഡി.എഫ് അധികാരത്തിൽ വരാനുള്ള സാധ്യത ഏറെയാണല്ലോ. അങ്ങനെയെങ്കിൽ മുഖ്യമന്ത്രി ആര് എന്നത് കേരളീയ സമൂഹത്തിനുമുന്നിൽ ഒരു ചിന്താവിഷയം തന്നെയാണ്. കോൺഗ്രസിന്റെ സംഘടനാ രീതി അനുസരിച്ച് അന്തിമ തീരുമാനം 'ഹൈക്കമാൻ്റ്' ആണല്ലോ കൈക്കൊള്ളുക.
അവരത് തീരുമാനിക്കട്ടെ. അത് അവരുടെ പാർട്ടി വിഷയം. പക്ഷേ ഇങ്ങ് ദൂരെ നിന്ന് നോക്കുമ്പോൾ, ഒരു സാധാരണക്കാരനെന്ന നിലയിൽ
ഞാനാഗ്രഹിക്കുന്നത് വ്യക്തമായ കാഴ്ചപ്പാടും ദൃഢനിശ്ചയവും അടിപതറാതെ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും മികച്ച വ്യക്തിത്വവും ഭാഷാ നൈപുണ്യവും സർവ്വതല സ്പർശിയായ ജ്ഞാനവും വായനയും കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള വികസന കാഴ്ചപ്പാടും ഒപ്പം ധാർഷ്ട്യം ഒഴിഞ്ഞ രീതികളും ഉള്ള ഒരു നേതാവിനെയാണ്.
അതിന് വി.ഡി.സതീശൻ സർവ്വഥാ യോഗ്യനാണ് എന്നാണ് എൻറെ ഉറച്ച വിശ്വാസം. രമേശ് ചെന്നിത്തലയെപ്പോലെ പരിണതപ്രജ്ഞനും സീനിയറും സർവ്വഥാ യോഗ്യനുമായ മറ്റൊരു നേതാവും ജാതി സമവാക്യങ്ങളും അവിടെ നിൽക്കുന്നു എന്നത് മറക്കുന്നില്ല. കെ മുരളീധരൻ പറഞ്ഞതുപോലെ ഒരു ഫുൾടൈം രാഷ്ട്രീയക്കാരൻ അല്ലാത്ത ഡോ. തരൂരിന് വഴങ്ങുന്ന കസേരയും അല്ല അത്.
അവിടെ വല്ലാത്ത രാഷ്ട്രീയ മെയ് വഴക്കം വേണം. അതും സതീശനുണ്ട്. കേരളത്തിൻറെ നിലവിലെ ആവശ്യം 'അധികം' കോംപ്രമൈസുകൾക്ക് വഴങ്ങാത്ത ഒരു മുഖ്യമന്ത്രിയെയാണ്. എന്നെ സംബന്ധിച്ച് ഞാൻ ഒരു മാറ്റവും ആഗ്രഹിക്കുന്നുണ്ട്. ആ മാറ്റം ആഗ്രഹിക്കുന്ന ധാരാളം പേർ അതുപോലെ ഇവിടെ ഉണ്ടാകും. രാഷ്ട്രീയമാണ്, കേരള മനസ്സാണ്. കാത്തിരുന്നു കാണാം'. – പ്രശാന്ത് വാസുദേവ് സതീശനെ പിന്തുണച്ചുകൊണ്ട് വ്യക്തമാക്കുന്നു.