vd-satheesan-mb-rajesh

TOPICS COVERED

മുഖ്യമന്ത്രി വി.ഡി.സതീശനെ പരിഹസിച്ച് മുന്‍മന്ത്രി എം.ബി.രാജേഷ്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ തവണ നിലപാടുമാറ്റിയ മുഖ്യമന്ത്രി വി.ഡി.സതീശൻ എന്നാണ് രാജേഷിന്‍റെ പരിഹാസം. മെസിയുടേയും വൈഭവ് സൂര്യവംശിയുടേയും റെക്കോര്‍ഡിനൊപ്പമാണ് മുഖ്യമന്ത്രിയേയും ചേര്‍ത്ത് രാജേഷിന്‍റെ പരോക്ഷ വിമര്‍ശനം. 

'ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരം -ലയണൽ മെസി. ലിസ്റ്റ് ഏ ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തിൽ അര സെഞ്ച്വറിയടിച്ച താരം-വൈഭവ് സൂര്യവംശി. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ തവണ നിലപാടുമാറ്റിയ മുഖ്യമന്ത്രി-വി.ഡി.സതീശൻ. അന്ന് വാക്ക് ,വാക്കേ.... ഇന്ന് ചാക്ക്,ചാക്കേ...,' എം.ബി.രാജേഷ് കുറിച്ചു. 

പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാറിയ നിലപാടുകളെ വിമര്‍ശിച്ചും രാജേഷ് രംഗത്തെത്തിയിരുന്നു. ഒരു മാസം ഒരു ഡസൻ യൂടേൺ. മുഖ്യമന്ത്രിയാവും മുമ്പ് വി.ഡി.സതീശൻ നിലപാടുകളുടെ രാജകുമാരൻ. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വടശ്ശേരി ദാമോദര മേനോൻ സതീശനായി. ഒരു മാസം കഴിഞ്ഞപ്പോൾ യുടി സതീശനുമായി. ഇനി മാസങ്ങളെത്ര ബാക്കി? വിസ്മയങ്ങളെത്ര കാണാനിരിക്കുന്നെന്നും എം.ബി.രാജേഷ് പറഞ്ഞു.

1. വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന പ്രഖ്യാപനത്തിൽ യൂടേൺ- ജെൻസികളെ പറ്റിച്ചു.

2. പിഎം ശ്രീയിൽ യൂടേൺ- ജനങ്ങളെയാകെ വഞ്ചിച്ചു.

3. ആദ്യ ബജറ്റിൽ തന്നെ ക്ഷേമ പെൻഷൻ കൂട്ടുമെന്ന പ്രഖ്യാപനത്തിൽ യൂടേൺ- പെൻഷൻകാരെ കബളിപ്പിച്ചു.

4. സർക്കാർ ജീവനക്കാർക്ക് ബജറ്റിൽ വിസ്മയം ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് പ്രഖ്യാപനം.

യൂടേൺ- കയ്യടിച്ച എൻജിഒ അസോസിയേഷൻകാരെ വിഡ്ഢികളാക്കി.

5. കേരളം കടം കയറി മുടിഞ്ഞുവെന്നും കടം കുറയ്ക്കുമെന്നും അവകാശവാദം. യൂടേൺ- കഴിഞ്ഞ ബജറ്റിനേക്കാൾ 1000 കോടി കൂടുതൽ കടം ഈ ബജറ്റിൽ. നിങ്ങളെടുത്താൽ കടം ഞങ്ങളെടുത്താൽ പണം.

6. 25,000 കോടി നികുതി കുടിശിക കിട്ടാനുണ്ടെന്നും അത് പിരിച്ച് ഖജനാവ് നിറയ്ക്കുമെന്നും പറഞ്ഞു. യൂടേൺ- 2 ലക്ഷം വരെയുള്ള നികുതി കുടിശിക മുഴുവൻ ഒഴിവാക്കി കൊടുത്തു. വാക്കിന് വിലയില്ലെന്ന് തെളിയിച്ചു.

7. സ്വർണത്തിൽ നിന്ന് 15,000 കോടി രൂപ നികുതി പിരിക്കും. യൂടേൺ- ബജറ്റിൽ മിണ്ടാട്ടമില്ല. പഴയ തള്ള് മറന്നു.

8. ഐജിഎസ്ടിയിൽ നിന്ന് 25,000 കോടി അധികം സമാഹരിക്കും. യൂടേൺ- ബജറ്റിൽ സമ്പൂർണ്ണ മൗനം.

9. പെട്രോളിയം അധിക നികുതി കുറയ്ക്കുമെന്ന് പറഞ്ഞു. യൂടേൺ- ഇപ്പോൾ ചോദിക്കുമ്പോൾ കമ്പിളിപ്പുതപ്പ്, കമ്പിളിപ്പുതപ്പ്. 1,190 കോടി സർക്കാരിന് ലാഭം, ജനങ്ങൾക്ക് ഭാരം.

10. തദ്ദേശ സ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ട് കൂടുതൽ നൽകുമെന്ന് പറഞ്ഞു. യൂടേൺ- ഈ ബജറ്റിൽ 1,534 കോടി കുറവ്.

11. സ്ത്രീകൾക്ക് ഏത് ബസിലും എവിടേക്കും- വിനോദയാത്രക്കോ തീർഥയാത്രക്കോ ഒക്കെ- സൗജന്യമായി യഥേഷ്‌ടം സഞ്ചരിക്കാമെന്ന വാഗ്ദാനം. യൂടേൺ- സൗജന്യം ഓർഡിനറിയിൽ മാത്രമാക്കി കണ്ണിൽ പൊടിയിട്ടു.

12. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയാൽ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവായിരിക്കെ നിലപാട്. യൂടേൺ- മുഖ്യമന്ത്രിയായി ആദ്യ ബജറ്റിൽ പകുതിയിലേറെ നികുതി കുറച്ച് മദ്യക്കമ്പനിക്ക് കോടികളുടെ ലാഭം ഉറപ്പാക്കി. മദ്യത്തിലെന്ന പോലെ നിലപാടിലും വെള്ളം ചേർത്തു, രാജേഷിന്‍റെ കുറിപ്പില്‍ പറയുന്നു. 

ENGLISH SUMMARY:

VD Satheesan has been criticized by former minister MB Rajesh for making the most changes in his stance in the shortest amount of time. MB Rajesh humorously compared the Chief Minister's frequent policy shifts to the records set by Lionel Messi and Vaibhav Suryavanshi.