അമിതാവ് ഘോഷ്, വി.ഡി.സതീശന്‍

അമിതാവ് ഘോഷ്, വി.ഡി.സതീശന്‍

മുഖ്യമന്ത്രി വി.ഡി. സതീശന്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ച സുപ്രധാന നിര്‍ദേങ്ങളില്‍ ഒന്നാണ് കേരളത്തിന്‍റെ നാവിക ചരിത്രം അടയാളപ്പെടുത്തന്ന 'രാജ്യാന്തര മാരിടൈം മ്യൂസിയം'. ഈ ആശയം മനസ്സില്‍ രൂപം കൊണ്ടത്, തന്‍റെ വിശാലമായ വായനയില്‍ നിന്നാണെന്ന് വായന ദിനത്തില്‍ മലയാള മനോരമ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞിരുന്നു. അമിതാവ് ഘോഷിന്‍റെ 'ദി നട്‌മഗ്സ് കേഴ്സ്' (The Nutmeg's Curse) എന്ന നോവലും ആദ്യകാല കടല്‍ സഞ്ചാര വഴികളെക്കുറിച്ചും, പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് സഞ്ചാരികള്‍ കേരളത്തില്‍ എത്തിയതിനെക്കുറിച്ചുമുള്ള ചരിത്ര വിവരണങ്ങളുമെല്ലാം ഇങ്ങനെയൊരു പദ്ധതി വിഭാവന ചെയ്യുന്നതില്‍ തന്നെ സ്വാധീനിച്ചതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

 

ഇതുസംബന്ധിച്ച വാര്‍ത്ത ആരോഗ്യ വിദഗ്ദനായ ഡോ. എസ്.എ ഹാഫിസ് ആണ് എക്സില്‍ പങ്കുവെച്ചത്. അമിതാവ് ഘോഷിനെ ടാഗും ചെയ്തു. പിന്നാലെ ഡോ ഹാഫിസിന്‍റെ പോസ്റ്റ് പങ്കുവെച്ച് അമിതാവ് ഘോഷ് ഇങ്ങനെ കുറിച്ചു. ' കേരളത്തില്‍ മാത്രമേ ഒരു മുഖ്യമന്ത്രി നയ നിര്‍ദേശങ്ങള്‍ക്ക് 'ദി നട്‌മഗ് കേഴ്സ്' (The Nutmeg's Curse) പോലുള്ള ഒരു പുസ്തകം ആധാരമാക്കുകയുള്ളൂ.'  അമിതാവ് ഘോഷിന്‍റെ ഈ പ്രതികരണം നീതി ആയോഗ് മുന്‍ സി.ഇ.ഒയും കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ അമിതാബ് കാന്ത്, ശശി തരൂര്‍ എം.പി തുടങ്ങിയവര്‍ ഏറ്റെടുത്തു. 

 

കലയും, ശാസ്ത്രവും, രാഷ്ട്രീയവും, സാഹിത്യവും കൂടിക്കലര്‍ന്ന് ഇന്ത്യയിലെ ഏറ്റവും പ്രൗഢമായ വിമര്‍ശനാത്മക ചിന്തകള്‍ക്ക് ജന്മം നല്‍കുന്ന കേരളത്തിന്‍റെ വൈവിധ്യമായ ബൗദ്ധിക ധാരയെ ഇവിടെ കാണമെന്നും അവിടെ 'ദി നട്‌മഗ് കേഴ്സ്' പോലുള്ള പുസ്തകങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നതില്‍ അദ്ഭുതമില്ലെന്നും അമിതാബ് കാന്ത് എഴുതി. 'കേരളം ഏറ്റവും സാക്ഷരതയുള്ള സംസ്ഥനമാകുന്നത് മറ്റൊന്നും കൊണ്ടല്ല. വായനക്കാരായ വോട്ടര്‍മാര്‍ വായിക്കുന്ന രാഷ്ട്രീയക്കാരനെ തെരഞ്ഞെടുക്കുന്നു. (ചിലപ്പോള്‍ എഴുതുന്നവരെയും)' ശശി തരൂര്‍ കുറിച്ചു. 

ENGLISH SUMMARY:

Author Amitav Ghosh has praised Kerala’s proposed International Maritime Museum, saying that only in Kerala would a political leader draw policy inspiration from a book like The Nutmeg’s Curse. The museum project, aimed at preserving Kerala’s maritime heritage, was reportedly influenced by Ghosh’s work and historical accounts of global sea trade routes. The author’s remarks were widely shared by Amitabh Kant and Shashi Tharoor, highlighting Kerala’s strong culture of reading and intellectual engagement.