സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ഭരണം നിയന്ത്രിക്കുന്ന എസ്.എച്ച്.ഒ സംവിധാനത്തിൽ വൻ അഴിച്ചുപണിക്ക് ഒരുങ്ങി ആഭ്യന്തര വകുപ്പ്. നിലവിൽ സര്‍ക്കിള്‍ ഇൻസ്പെക്ടർമാർക്ക് നൽകിയിട്ടുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) ചുമതല മാറ്റി, പകരം സബ് ഇൻസ്പെക്ടർമാരെ (SI) വീണ്ടും എസ്.എച്ച്.ഒ ആക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി സർക്കാരിന് ശുപാർശ കൈമാറി. ഇതുമായി ബന്ധപ്പെട്ട ഡി.ജി.പിയുടെ ഔദ്യോഗിക റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
നേരത്തെ ക്രമസമാധാന ചുമതലയും കേസ് അന്വേഷണവും കൂടുതൽ കാര്യക്ഷമമാക്കാൻ വേണ്ടിയാണ് സംസ്ഥാനത്തെ ഒട്ടുമിക്ക സ്റ്റേഷനുകളിലും ഇൻസ്പെക്ടർമാരെ എസ്.എച്ച്.ഒമാരായി നിയമിച്ചിരുന്നത്. എന്നാൽ ഈ സംവിധാനം മാറ്റാനാണ് ഇപ്പോഴത്തെ ശുപാർശ. സംസ്ഥാനത്തെ 421 പൊലീസ് സ്റ്റേഷനുകളിൽ ഇൻസ്പെക്ടർമാരെ മാറ്റി സബ് ഇൻസ്പെക്ടർമാർക്ക് (SI) എസ്.എച്ച്.ഒ ചുമതല നൽകും. ക്രമസമാധാന പ്രശ്നങ്ങളും കേസുകളും കൂടുതലുള്ള സംസ്ഥാനത്തെ പ്രധാനപ്പെട്ട 63 സ്റ്റേഷനുകളിൽ മാത്രമായിരിക്കും ഇനി ഇൻസ്പെക്ടർമാർ എസ്.എച്ച്.ഒമാരായി തുടരുക.
സ്റ്റേഷനുകളിൽ നിന്ന് ഒഴിവാക്കുന്നതോടെ അധികമായി വരുന്ന 206 ഇൻസ്പെക്ടർമാരെ ക്രൈംബ്രാഞ്ച്, വിജിലൻസ്, സൈബർ സെൽ ഉൾപ്പെടെയുള്ള വിവിധ പ്രത്യേക യൂണിറ്റുകളിലേക്ക് (Special Units) പുനർവിന്യസിക്കും. പൊലീസ് സ്റ്റേഷനുകളിൽ ഇൻസ്പെക്ടർമാരെ എസ്.എച്ച്.ഒമാരാക്കിയതോടെ പ്രധാന കേസുകളുടെ അന്വേഷണത്തെ അത് ബാധിക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ ശുപാർശ. ദൈനംദിന സ്റ്റേഷൻ ഭരണത്തിലും ക്രമസമാധാന ചുമതലകളിലും ഇൻസ്പെക്ടർമാർ മുഴുകുന്നതുമൂലം വലിയ കേസുകളുടെ അന്വേഷണത്തിന് ആവശ്യത്തിന് സമയം ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിരുന്നു.