Untitled design - 1

കൊട്ടാരക്കരയില്‍ നടന്ന ടിപ്പര്‍ അപകടത്തില്‍ ഡ്രൈവര്‍ക്ക് ഹെവി ലൈസന്‍സ് ഇല്ല. ഒരു മാസം മുന്‍പാണ് ഇയാള്‍ ഗള്‍ഫില്‍നിന്നെത്തിയത്. നിയമലംഘനത്തിന് ഡ്രൈവറെ മുന്‍പും പിടികൂടിയിട്ടുണ്ട്. അമിതവേഗമാണ് അപകടകാരണമെന്നാണ് നിഗമനം. ടിപ്പര്‍ ലോറി ബസ്സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരു കുട്ടി ഉള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്.  

 

ലോറിയുടെ അമിത വേഗതയാണ് അപകട കാരണമായി നിലവില്‍ വിലയിരിത്തിയിരിക്കുന്നതെന്ന് മന്ത്രി പി.സി. വിഷുണുനാഥ് പറഞ്ഞു. പരുക്കേറ്റ എല്ലാവരുടേയും ചികില്‍സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മരിച്ചവരുടെ ആശ്രിതര്‍ക്കുളള ധനസഹായം പിന്നീട് തീരുമാനിക്കുമെന്നും അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മന്ത്രിമാരായ പി.സി.വിഷ്ണുനാഥും ബിന്ദു കൃഷ്ണയും പറഞ്ഞു.

 

അപകടത്തില്‍ ടിപ്പറിന്‍റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്‍ സംശയമുണ്ടെന്ന് ഗതാഗത കമ്മിഷണര്‍ സി.എച്ച്. നാഗരാജു മനോരമ ന്യൂസിനോട് പറഞ്ഞു. വാഹനത്തിന് ഫിറ്റ്നസ് ലഭിച്ചത് ഏപ്രിലിലാണ്. എന്നിട്ടും ടയര്‍ ഉള്‍പ്പെടെ മോശം നിലയിലായിരുന്നു. തിരിമറി അന്വേഷിക്കുമെന്നും ഗതാഗത കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു. 

 

ഇന്ന് രാവിലെ ബസ് കാത്തുനിന്നവരുടെ മുകളിലേക്ക് ടിപ്പര്‍ മറിയുകയായിരുന്നു. കുടവട്ടൂര്‍ ലക്ഷ്മി കോട്ടേജില്‍ ഹരിലാല്‍ (54), കടലാവിള കാര്‍മല്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥി പാര്‍ഥിപന്‍ (15), അനഘാ ഭവനില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അജയന്‍ (40) എന്നിവരാണ് മരിച്ചത്. ഹരിലാല്‍ ട്യൂട്ടോറിയല്‍ അധ്യാപകനാണ്. മകനെ ബസ് കയറ്റാന്‍ വന്നപ്പോഴായിരുന്നു അജയകുമാറിന്റെ മരണം 

 

അഞ്ചുപേര്‍ വാഹനത്തിന് അടിയില്‍പെട്ടു. മൂന്നു പേരുടെ നില ഗുരുതരമാണ്. നാലു കുട്ടികള്‍ക്ക് നിസാരപരുക്കുണ്ട്. മണ്ണ് കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. മണ്ണ് നീക്കി പരിശോധന തുടരുന്നു. പരിശോധനയ്ക്കിടെ കൈപ്പത്തിയും ഒരു സ്കൂള്‍ ബാഗും ലഭിച്ചു

 

നിയന്ത്രണം വിട്ട ലോറിയുടെ വരവ് കണ്ട് പലരും ഓടി മാറിയെങ്കിലും രക്ഷപ്പെടാൻ സാധിക്കാത്തവരുടെ മേലേക്ക് ലോറി മറിയുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് മണ്ണും ലോറിയും നീക്കി അടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു.

 

രാവിലെ 7.15നായിരുന്നു അപകടം. ബസ് സ്റ്റോപ്പില്‍ 12 പേര്‍ ഉണ്ടായിരുന്നതായി ദൃക്സാക്ഷി മനോരമ ന്യൂസിനോട് പറഞ്ഞു. 7.10ന്റെ ബസ് വൈകി, ഇതാണ് സ്റ്റോപ്പില്‍ ആളുണ്ടാവാന്‍ കാരണം. നാട്ടുകാരാണ് മണ്ണിനടിയില്‍പെട്ടവരെ രക്ഷിച്ചത്. ആംബുലന്‍സില്‍ ഉടനെ ആശുപത്രിയിലേക്ക് അയച്ചു. രണ്ടു ശരീരങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു. കുട്ടികളടക്കം സ്റ്റോപ്പില്‍ ഉണ്ടായിരുന്നു, ചിലര്‍ ഓടിമാറി. ഒരു കടയുടെ ഓരവും മതിലും ഇടിഞ്ഞുവീഴുകയായിരുന്നു. ടിപ്പര്‍ ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമായത്. ബൈക്കില്‍ തട്ടാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ മറിയുകയായിരുന്നെന്നും അപകടം നേരില്‍ കണ്ടയാള്‍ പറഞ്ഞു. 

ENGLISH SUMMARY:

Kottarakkara tipper accident occurred due to a driver without a heavy license and excessive speed, resulting in the deaths of three people, including a child. The investigation into the incident is ongoing, with preliminary reports suggesting serious lapses in vehicle fitness and driver qualifications.