ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്.ഐ.ടി ആവശ്യപ്രകാരം മൊഴിനല്‍കാനാണ് പോയതെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് . രഹസ്യമായല്ല പോയത്.  മാധ്യമങ്ങള്‍ കഥകള്‍ സൃഷ്ടിക്കുകയാണ്. സർക്കാർ അനുകൂലമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനായി ചില പ്രത്യേക ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിൽ സർക്കാർ നിയമിച്ചിട്ടുണ്ട് . അവരാണ് യുഡിഎഫ് നേതാക്കളെ കൂടി ബന്ധപ്പെടുത്തി വാർത്തകൾ പ്രചരിപ്പിക്കുന്നത്. തന്റെ ചോദ്യം ചെയ്യൽ സമയത്ത് പുറത്ത് വാർത്തകൾ പ്രചരിപ്പിച്ചതും ഇവരാണ്. പോറ്റിയുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്തെന്നു പ്രചരിപ്പിച്ചു. മാധ്യമങ്ങളെ കാണാതെ പുറത്തേക്ക് പോകാനുള്ള വഴിയുണ്ടെന്ന് ഉദ്യോഗസ്ഥർ തന്നെ പറഞ്ഞിരുന്നു. പക്ഷെ താൻ അത് ചെവിക്കൊള്ളാതെ മാധ്യമങ്ങളെ കണ്ടിട്ടാണ് പോയത്. അവരുടെ പേരുകള്‍ പിന്നീട് പുറത്തുപറയും. 

 

Also read: പോറ്റിയുടെ വീട്ടില്‍ ഒന്നിലേറെ തവണ പോയി; ചിത്രങ്ങള്‍ പുറത്ത്; കടകംപള്ളിയുടെ വാദം പൊളിയുന്നു

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പോയത് ഒരു തവണയെന്ന മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വാദങ്ങള്‍ പൊളിഞ്ഞു. ഒന്നിലേറെ തവണ പോയെന്ന് തെളിയിക്കുന്ന ചിത്രം പുറത്തായി. ലൊക്കേഷന്‍ പോറ്റിയുടെ വീട് തന്നെയെങ്കിലും കടകംപള്ളിയുടെ വേഷവും സമ്മാനം സ്വീകരിക്കുന്ന വ്യക്തികളും വ്യത്യാസം. അതുകൊണ്ട് ആദ്യത്തെ ചിത്രമെടുത്ത അതേ ദിവസമല്ല ഈ സന്ദര്‍ശനമെന്ന് വ്യക്തം. ഒരു തവണയേ പോയിട്ടുള്ളെന്ന വാദം നുണയെന്നും ഉറപ്പ്. പക്ഷെ ഈ ചിത്രം കാണുമ്പോളും അദേഹത്തിന് ഓര്‍മപ്രശ്നം തുടരുകയാണ്. എട്ട് വര്‍ഷം മുന്‍പ് നടന്നതായതുകൊണ്ട് ഓര്‍ക്കുന്നില്ലെന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം. കടകംപള്ളിയേക്കുറിച്ച് അന്വേഷിച്ചോട്ടെയെന്നായിരുന്നു എം.വി.ഗോവിന്ദന്‍റെയും വി.ശിവന്‍കുട്ടിയുടെയും പ്രതികരണം.

ഫോട്ടോയുടെ അടിസ്ഥാനത്തില്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്ത സ്ഥിതിക്ക് വീണ്ടും വീണ്ടും ഫോട്ടോകള്‍ വരുമ്പോള്‍ കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്യേണ്ടേയെന്ന ചോദ്യമാണ് ഉയരുന്നത്. എത്ര വേണമെങ്കിലും ചോദ്യം ചെയ്തോട്ടെയെന്ന് സി.പി.എം നേതാക്കള്‍ പ്രതികരിച്ചു.  വീണ്ടും മല്‍സരിക്കാനുള്ള തയാറെടുപ്പുമായി കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്ത് വികസനജാഥയിലാണ്. തിരഞ്ഞെടുപ്പ് ഒരുക്കത്തിനിടെ സി.പി.എം നേതാവിനെ എസ്.ഐ.ടി വിളിക്കുമോയെന്നാണ് അറിയേണ്ടത്.

ENGLISH SUMMARY:

Adoor Prakash, the UDF convenor, has stated that he was not interrogated alongside Poatti in the Sabarimala gold smuggling case, alleging that certain officials are spreading false information. He asserts that his visit to the SIT was based on their request and that media is fabricating stories by suggesting he was questioned jointly with Poatti.