kadakampally-potti

സ്വർണക്കൊള്ളകേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിയുന്നു. പോറ്റിയുടെ വീട്ടില്‍ പോയത് ഒന്നിലേറെ തവണയെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത്. ഒരു തവണ പോയിട്ടുണ്ടെന്നായിരുന്നു വാദം. 

 

2016ൽ മന്ത്രിയായിരുന്നപ്പോൾ ശബരിമലയിൽ പോറ്റിയെ കണ്ടിട്ടുണ്ടെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. പോറ്റിയുടെ നിർബന്ധത്തിനു വഴങ്ങി പൊലീസ് അകമ്പടിയോടെയാണ്  2017 ൽ വീട്ടിൽ പോയത്.  ഉപഹാരമൊന്നും വാങ്ങിയിട്ടില്ല. വീട്ടിൽനിന്നു ഭക്ഷണം കഴിച്ച ശേഷം നേരെ ശബരിമലയ്ക്കു പോവുകയായിരുന്നു ’ – നേരത്തെ കടകംപള്ളി പറഞ്ഞു. ഒരു കുട്ടിയുടെ ചടങ്ങിൽ പങ്കെടുക്കാനാണു പോയതെന്നും ശബരിമലയിലെ ഭക്തൻ എന്ന നിലയിലാണു പോറ്റിയെ പരിചയപ്പെട്ടതെന്നും കടകംപള്ളി പറഞ്ഞു. 

 

Also Read: 'പോറ്റി സോണിയയെ കണ്ടത് ബെംഗളൂരു കണക്ഷന്‍ വഴി’


നിർധനരെ സഹായിക്കാൻ ഉദാരമതികളോട് അഭ്യർഥിക്കുന്ന പതിവുണ്ട്. ഭാഗ്യവശാൽ പോറ്റി ഒരു സംഭാവനയും നൽകിയിട്ടില്ല. പോറ്റിയോ പോറ്റിയുമായി ബന്ധമുള്ള ആരും തന്നെയോ തന്റെ മണ്ഡലത്തിൽ ഒരുതരത്തിലുമുള്ള സ്പോൺസർഷിപ്പും നൽകിയിട്ടില്ല. പ്രതിപക്ഷത്തിന് ഈ കേസിൽ രാഷ്ട്രീയ താൽപര്യമുണ്ട് – കടകംപള്ളി പറഞ്ഞു.

 

കടകംപള്ളി സുരേന്ദ്രനുമായുള്ള അടുപ്പം സമ്മതിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) മൊഴി നൽകിയിട്ടുണ്ട്. 2017 മുതൽ കടകംപള്ളിയുമായി നല്ല ബന്ധമാണെന്നും തന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നുമാണു പോറ്റിയുടെ മൊഴി. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും താൻ സമ്മാനങ്ങൾ നൽകിയിട്ടുണ്ടെന്നും മൊഴിയിലുണ്ട്.

 

പോറ്റിയുടെ വീട്ടിൽ 2 തവണ കടകംപള്ളി വന്നതായി അയൽവാസിയും വെളിപ്പെടുത്തി. കോൺഗ്രസ് നേതാവ് അടൂർ പ്രകാശും ഇവിടെ വന്നിട്ടുണ്ടെന്ന് അയൽവാസി പറഞ്ഞു.   പോറ്റിക്കൊപ്പമുള്ള കടകംപള്ളി സുരേന്ദ്രന്റെ ചിത്രങ്ങൾ പുറത്തെത്തിയതോടെ എസ്ഐടി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. പോറ്റിയുമായി പരിചയമുണ്ടെന്നാണ് എസ്ഐടിയോടു കടകംപള്ളി വെളിപ്പെടുത്തിയത്. പോറ്റിയുടെ മൊഴി ഇ.ഡിയും ശേഖരിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Kadakampally Surendran's claims regarding his relationship with Unnikrishnan Potty, an accused in the gold smuggling case, are being challenged with new evidence. Photographs have emerged showing that Surendran visited Potty's residence on multiple occasions, contradicting his earlier statement of only one visit.