adoor-potti-gift

ശബരിമല സ്വർണ്ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ ഇല്ലെന്ന് അടൂർ പ്രകാശിന്റെ മൊഴി. പോറ്റിയുടെ വീട്ടിൽ പോയിട്ടില്ലെന്നും യു.ഡി.എഫ് കൺവീനർ എസ്.ഐ.ടിക്ക് മൊഴി നൽകി. എന്നാൽ ആറ്റിങ്ങലിലുള്ള എംപി ഓഫീസിൽ പലതവണ പോറ്റി വന്നു കണ്ടിട്ടുണ്ട്. ഇന്നലെ നടന്ന ചോദ്യം ചെയ്യലിലാണ് സാമ്പത്തിക ഇടപാട് ആരോപണങ്ങൾ അടൂർ പ്രകാശ് നിഷേധിച്ചത്. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയെ വർഷങ്ങളായി അറിയാമെന്ന് അടൂർ പ്രകാശ് സമ്മതിച്ചു. 

പോറ്റിയും അടൂർ പ്രകാശം തമ്മിലുള്ള ചിത്രങ്ങൾ ഓരോന്നായി കാണിച്ചു കൊണ്ടായിരുന്നു ചോദ്യം ചെയ്യൽ. സോണിയ ഗാന്ധിയെ കാണാൻ പോറ്റിക്ക് അവസരം ഒരുക്കിയത് താനല്ല. ബംഗളൂരുവിൽ ഉള്ള ചില സുഹൃത്തുക്കൾ വഴി അപ്പോയിൻമെന്റ് എടുത്തു എന്നാണ് പോറ്റി പറഞ്ഞത്. ഡൽഹിയിൽ ഉണ്ടായിരുന്നതിനാൽ താനും കൂടെ പോയതാണെന്നും മൊഴി നൽകി. തനിക്ക് സമ്മാനം നൽകുന്നതായി കാണുന്നത് സഹോദരിയുടെ മകളുടെ കല്യാണം വിളിക്കാൻ പോറ്റി വന്ന ദിവസം എടുത്ത ചിത്രമാണെന്നും ക്ഷണക്കത്തും ഇന്തപ്പഴവുമാണ് കൈമാറിയതെന്നും മൊഴിയിൽ വിശദീകരിച്ചു. 

ചോദ്യാവലി തയ്യാറാക്കിയായിരുന്നു യുഡിഎഫ് കൺവീനറുടെ ചോദ്യം ചെയ്യൽ. സാമ്പത്തിക ഇടപാട് വിവരങ്ങൾ പരിശോധിച്ച ശേഷം അടൂര്‍ പ്രകാശിനെ വീണ്ടും വിളിക്കണമെന്ന് എസ്ഐടി തീരുമാനിക്കും. പോറ്റിയുടെ കാര്യങ്ങളടക്കം അറിയേണ്ടതെല്ലാം ചോദിച്ചുവെന്നും എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ കൃത്യമായി മറുപടി പറഞ്ഞുവെന്നുമാണ് ചോദ്യം ചെയ്യലിന് ശേഷം അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സാമ്പത്തിക ഇടപാടുകള്‍ ചോദിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. 

ENGLISH SUMMARY:

Sabarimala gold heist investigation details the statements made by Adoor Prakash regarding his financial dealings with the main accused, Unnikrishnan Poletti. He denied any financial transactions with Poletti but admitted to knowing him for years and meeting him multiple times at his MP office.