പയ്യന്നൂർ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പുസ്തകം പുറത്തിറക്കിയ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശന ചടങ്ങ് സി.പി.എം വിരുദ്ധരുടെ കൂട്ടായ്മയായിരുന്നെന്നും ആർ.എം.പി പ്രവർത്തകർ വരെ പങ്കെടുത്ത ഈ ചടങ്ങിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ടി.ഐ. മധുസൂദനൻ എം.എൽ.എയോടുള്ള വ്യക്തിപരമായ പകയാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും, പുസ്തകത്തിന് നൽകാൻ അനുയോജ്യമായ പേര് 'പകയുടെ കണക്കുപുസ്തകം' എന്നതാണെന്നും രാഗേഷ് പരിഹസിച്ചു. രക്തസാക്ഷി ഫണ്ടിൽ നിന്ന് ഒരു രൂപ പോലും പാർട്ടിക്ക് നഷ്ടമായിട്ടില്ലെന്ന് ആവർത്തിച്ച അദ്ദേഹം, ഫണ്ട് പിരിച്ചത് പാർട്ടി അംഗങ്ങളിൽ നിന്ന് മാത്രമായതിനാൽ അതിന്റെ കണക്ക് മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത പാർട്ടിക്കില്ല. ഫണ്ട് കൈകാര്യം ചെയ്ത രീതിയിൽ വന്ന സാങ്കേതിക പിഴവുകൾക്ക് പാർട്ടി നേരത്തെ തന്നെ അച്ചടക്ക നടപടി സ്വീകരിച്ചതാണ്.

പാർട്ടിക്കകത്തെ രേഖകൾ ചോർത്തി സൂക്ഷിച്ചത് കുഞ്ഞികൃഷ്ണന്റെ വഞ്ചനാപരമായ നിലപാടാണ് കാണിക്കുന്നത്. വരും ദിവസങ്ങളിൽ കുടുംബസംഗമങ്ങൾ വിളിച്ച് ചേർത്ത് പാർട്ടി അനുഭാവികളെയും ബഹുജനങ്ങളെയും യാഥാർത്ഥ്യം ബോധ്യപ്പെടുത്തുമെന്നും കെ.കെ. രാഗേഷ് കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

The Payyannur Blood Sacrifice Fund Controversy is escalating as CPM Kannur District Secretary KK Ragesh fiercely criticized former Area Secretary V Kunhikrishnan for his book alleging serious issues against the party. Ragesh dismissed the book launch as a gathering of CPM adversaries with a political agenda, fueled by personal vendetta against MLA T.I. Madhusoodanan.