കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസിലെ പ്രതികളെ സഹായിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യറിയെ കരിവാരിത്തേച്ചെന്ന് ഹൈക്കോടതി. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത് ഹൈക്കോടതി നിര്‍ദേശപ്രകാരമാണെന്ന ഉത്തരവാണ് കോടതിയെ ചൊടിപ്പിച്ചത്. പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ എപ്പോഴാണ് ഉത്തരവിട്ടതെന്ന് ഹൈക്കോടതി ചോദിച്ചു. പ്രോസിക്യൂഷന്‍ അനുമതിക്കായുള്ള അപേക്ഷയില്‍ ഉചിതമായ തീരുമാനമെടുക്കാനാണ് നിര്‍ദേശിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ കോടതി നിര്‍ദേശപ്രകാരമാണ് അനുമതി നല്‍കുന്നതെന്ന് കൂട്ടിച്ചേര്‍ത്തു. ഇത് പ്രതികളെ സഹായിക്കാനാണെന്ന് കോടതി കുറ്റപ്പെടുത്തി.

കോടതിയെ കരുവാക്കി പ്രോസിക്യൂഷന്‍ അനുമതി ഉത്തരവിറക്കിയ ഉദ്യോഗസ്ഥര്‍ ജോലിയില്‍ തുടരാന്‍ യോഗ്യരല്ലെന്ന് ഹൈക്കോടതി പറഞ്ഞു. അനുമതി ഉത്തരവ് പ്രതിക്ക് നല്‍കിയത് എന്തിനെന്ന് കോടതി ചോദിച്ചു. ആ ഉത്തരവുമായി പ്രതി കോടതിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തി. ഉത്തരവ് മാധ്യമങ്ങള്‍ക്ക് കിട്ടിയശേഷമാണ് പിന്‍വലിച്ചത്. അത്തരമൊരു ഉത്തരവിറക്കിയതിന്‍റെ ഉദ്ദേശ്യം നടന്നെന്നും കോടതി പറഞ്ഞു. 'അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍' എന്നുപറയുന്നതുപോലെയാണ് ഒടുവില്‍ ഇറക്കിയ ഉത്തരവെന്നും കോടതി പറഞ്ഞു.

പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പുറത്തുവിട്ടത് കോടതിയലക്ഷ്യമാണ്. നീതിന്യായ വ്യവസ്ഥയ്ക്കുനേരെയുള്ള കടന്നാക്രമാണ് ഉണ്ടായത്. ഇത് അനാവശ്യവും അപകടകരവുമായ സമീപനമാണ്. മുന്‍ സര്‍ക്കാരിനെക്കാള്‍ മോശം നിലപാടാണ് ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കോടതി കുറ്റപ്പെടുത്തി. കോടതി പറയാത്ത കാര്യം ഉള്‍പ്പെടുത്തി ഉത്തരവിറക്കിയ കശുവണ്ടി വകുപ്പ് സെക്രട്ടറി കെ.ബിജുവിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. ബിജു മറ്റന്നാള്‍ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ആര്‍.ചന്ദ്രശേഖരന്‍, കെ.എ.രതീഷ്

ആഫ്രിക്കയില്‍ നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ 600 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. കശുവണ്ടി വികസന കോര്‍പറേഷന്‍ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റുമായ ആര്‍.ചന്ദ്രശേഖരനും കോര്‍പറേഷന്‍ മുന്‍ എം.ഡി. കെ.എ.രതീഷുമാണ് മുഖ്യപ്രതികള്‍. ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തത് ചോദ്യംചെയ്ത് കൊല്ലം സ്വദേശി കടകംപള്ളി മനോജ് ആണ് കോടതിയെ സമീപിച്ചത്. 

കോടതി ഇടപെട്ടിട്ടും അപേക്ഷയില്‍ തീരുമാനമെടുക്കാതിരുന്നതിന് 2025ല്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എ.പി.എം.മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങിയിരുന്നു. തുടര്‍ന്ന് ഈമാസം രണ്ടിനാണ് കോടതി നിര്‍ബന്ധിച്ചതുപ്രകാരം അനുമതി നല്‍കുന്നുവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഉത്തരവിലെ അപകടം മനസിലാക്കി അഡ്വക്കറ്റ് ജനറല്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ആദ്യ ഉത്തരവ് പിന്‍വലിച്ച് തിങ്കളാഴ്ച പുതിയ ഉത്തരവിറക്കുകയായിരുന്നു. എന്നാല്‍ അതിനകം ആദ്യ ഉത്തരവ് ഉയര്‍ത്തിക്കാട്ടി പ്രതികള്‍ രാഷ്ട്രീയപ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് കോടതി രൂക്ഷവിമര്‍ശനമുയര്‍ത്തിയത്.

ENGLISH SUMMARY:

The Kerala High Court has launched a scathing critique of the state government regarding its handling of the Cashew Development Corporation corruption case. Justice Badharudeen expressed severe disapproval over the government's initial prosecution permission order, questioning whether it was drafted by the accused themselves and labeling the administrative maneuvering an "assault on the judicial system." The court took strong objection to the government issuing a controversial order to the media before withdrawing it, viewing the act as a blatant attempt to shield the accused from legal scrutiny. Consequently, the High Court directed Cashew Development Department Secretary K. Biju to appear before it to explain the procedural lapses. The case pertains to alleged large-scale irregularities in the import of raw cashew nuts from Ghana, where substandard and aged produce was reportedly procured, causing significant financial losses. As the court pushes for accountability, the development marks a critical turn in a long-standing investigation that has faced numerous legal and bureaucratic hurdles over the past decade.