വയനാട് കള്ളാടിയില്‍ അപകടം ഉണ്ടാകാനിടയായ സാധ്യതകളെ കുറിച്ച് അന്വേഷിക്കുന്നതിന് സാങ്കേതികവും നിയമപരവുമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. അപകടമുണ്ടായ പ്രദേശത്തിന് തൊട്ടുമുകളിലായി മണ്ണിടിച്ചില്‍ ഉണ്ടായെന്ന് പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും അക്കാര്യം കൂടി പരിശോധിച്ച് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പദ്ധതി നിര്‍മാണത്തിന് അനുമതി നല്‍കിയപ്പോള്‍ കൊടുത്ത കര്‍ശനമായ മാനദണ്ഡങ്ങള്‍ നിര്‍മാണകരാര്‍ ഏറ്റെടുത്തവര്‍ പാലിച്ചോയെന്നും പരിശോധിക്കും. അപകടസാധ്യതകള്‍ പരിശോധിച്ച ശേഷം മാത്രമേ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനം നടത്തുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

അതേസമയം, കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ അഞ്ചുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അപകടം സംഭവിച്ച മീനാക്ഷി പാലത്തിന്‍റെ മുകള്‍ ഭാഗത്ത് കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചും കഡാവര്‍ നായകളെ ഉപയോഗിച്ചും സ്പോട് ലൊക്കേഷന്‍ ക്യാമറ ഉപയോഗിച്ചും തിരച്ചില്‍ നടത്തുന്നുണ്ട്. 

അപകടത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും മണ്ണിനടിയില്‍ ആരെങ്കിലും അകപ്പെട്ടോയെന്നും അങ്ങനെയെങ്കില്‍ അവരെ കണ്ടെത്തുന്നതിനുമാണ് പ്രാഥമിക പരിഗണനയെന്നും മന്ത്രിമാര്‍ വ്യക്തമാക്കി. മൂന്നുപേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടത്. ഇവരെല്ലാം അതിഥിത്തൊഴിലാളികളാണ്. 

ഇന്നലെയാണ് വയനാട് കള്ളാടി തുരങ്കപാതയുടെ നിര്‍മാണ മേഖലയില്‍ മണ്ണിടിച്ചിലുണ്ടായത്. ഒന്‍പതു പേരെ ആശുപത്രിയിലേക്ക് മാറ്റഇയിരുന്നു. മീനാക്ഷിപ്പാലത്തിന് സമീപമുണ്ടായ അപകടത്തില്‍ മണ്ണിടിഞ്ഞ് ബസും ഷെഡുകളും തകരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തൊഴിലാളികളെ കൊണ്ടുവന്ന ബസാണ് തകര്‍ന്നത്. ശക്തമായ മഴ പ്രദേശത്ത് പെയ്തതിന് പിന്നാലെയായിരുന്നു അപകടം.

ENGLISH SUMMARY:

Chief Minister V.D. Satheesan has announced a formal investigation into the tragic landslide at the Kalladi tunnel construction site in Wayanad, promising strict legal and technical action against those responsible. Initial reports suggest that a landslide occurred in the hills directly above the construction zone, and the government is now examining whether the contractors adhered to the strict environmental and safety guidelines mandated by the Central Government. The Chief Minister emphasized that construction activities will remain suspended until a comprehensive risk assessment is completed to prevent further disasters. Meanwhile, search and rescue operations for the five missing persons continue, utilizing specialized canine units, heavy machinery, and advanced camera technology at the Meenakshipalam site. Three deaths, all involving migrant workers, have been confirmed so far, and the government has reiterated that all involved parties will be held accountable for any negligence. As the state monitors the situation, the focus remains on the urgent recovery of those trapped under the debris and ensuring the long-term safety of the region's infrastructure projects.