ഇ.ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി. അതിവേഗ റയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു വിമര്‍ശനം. പദ്ധതി ആരംഭിക്കേണ്ടത് ഇ.ശ്രീധരനാണോ എന്നും ശ്രീധരന്‍ കഴിഞ്ഞ തവണ എംഎല്‍എ ഓഫിസ് വരെ തുറന്നെന്നും ഇപ്പോള്‍ പൊന്നാനിയില്‍ ഓഫിസ് തുറന്നെന്നും പരിഹാസം. കേന്ദ്രം പ്രഖ്യാപിക്കാതെ, കേരളം പങ്കുവഹിക്കാതെ, അതിവേഗ റെയിൽ പദ്ധതി ഇ.ശ്രീധരൻ ആരംഭിച്ചോയെന്നും മുഖ്യമന്ത്രി ചോദിച്ചു. എൽഡിഎഫ് മധ്യമേഖല ജാഥ പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് യുഡിഎഫ് സർക്കാരാണ്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ചർച്ചയെ ഭയപ്പെട്ട് യുഡിഎഫ് ഒളിച്ചോടുകയാണ്. അതിവേഗ റെയിൽ പദ്ധതി ആരംഭിക്കേണ്ടത് ഇ.ശ്രീധരനാണോ എന്നും മുഖ്യമന്ത്രി പരിഹസിച്ചു.
നിയമസഭാ സമ്മേളനത്തിലെ യുഡിഎഫ് സമീപനം ഉയർത്തിയാണ് സ്വർണ്ണക്കൊള്ളയിൽ പ്രതിപക്ഷത്തെ മുഖ്യമന്ത്രി പ്രതിസ്ഥാനത്ത് നിർത്തിയത്. പല കോൺഗ്രസ് നേതാക്കൾക്കും മുഖം കാണിക്കാനാകാത്ത സോണിയ ഗാന്ധിയെ ഉണ്ണികൃഷ്ണൻ പോറ്റി എങ്ങനെ കണ്ടെന്ന് മുഖ്യമന്ത്രി ചോദിച്ചു. സ്വർണ്ണക്കൊള്ള കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന് പറയുന്നത് കോൺഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുന്നതിന് തെളിവാണ്. ഹൈക്കോടതി പറയുന്നതാണോ ബിജെപി പറയുന്നതാണോ കോൺഗ്രസ് വിശ്വസിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ചോദ്യം. എയിംസിനായി നാല് സ്ഥലം ചൂണ്ടിക്കാട്ടിയിട്ടും കേന്ദ്രസർക്കാർ ബജറ്റിൽ ഉൾപ്പെടുത്തിയില്ല.