മന്ത്രി എ. കെ. ശശീന്ദ്രനെതിരെ എന്‍സിപിയില്‍ വീണ്ടും പടയൊരുക്കം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മന്ത്രി പാര്‍ട്ടി നേതൃത്വത്തെയും പ്രവര്‍ത്തകരെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ജില്ലാ പ്രസിഡന്‍റ് മുക്കം മുഹമ്മദ് മനോരമ ന്യൂസിനോട് പറഞ്ഞു. തര്‍ക്കം മുറുകുന്നതിനിടെ എലത്തൂര്‍ ഏറ്റെടുക്കാനുള്ള ആലോചനകളും സിപിഎമ്മിനുള്ളില്‍ തുടങ്ങി.
Also Read: ‘ചെന്നിത്തലയുടെ നിർബന്ധങ്ങൾക്ക് വഴങ്ങുന്നു’, പാർട്ടിയിൽ സജീവമാകുമെന്ന് ഇ എം അഗസ്തി
തുടര്‍ച്ചയായി മൂന്ന് തവണ എലത്തൂരില്‍ ജയിച്ചുകയറിയ എ.കെ. ശശീന്ദ്രന്‍ വീണ്ടും മല്‍സരിക്കുമെന്ന് പലയിടത്തും അദ്ദേഹം തന്നെ തുറന്ന് പറഞ്ഞതോടെയാണ് മന്ത്രിക്കെതിരായ ജില്ലാകമ്മിറ്റിയുടെ നീക്കം. സ്ഥാനാര്‍ഥിത്വം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നിരിക്കെ അതിന് വകവെയ്ക്കാത്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ തടയാനാണ് ജില്ലാകമ്മറ്റിയുടെ തീരുമാനം.
എന്നാല്‍ സിറ്റിങ് എംഎല്‍എമാര്‍ തന്നെ മല്‍സരിക്കട്ടെ എന്നാണ് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനമെന്ന് എ.കെ. ശശീന്ദ്രനും സംസ്ഥാന പ്രസിഡന്‍റും പറയുന്നു. മണ്ഡലത്തില്‍ ശ്രദ്ധിക്കണമെന്ന ദേശീയ നേതൃത്വത്തിന്‍റെ വാക്കുകള്‍ തെറ്റിദ്ധരിച്ചതാകാം എന്നാണ് ഇതിനുള്ള മറുവാദം. വിഷയം അടുത്ത സംസ്ഥാനസമിതി യോഗത്തിലും ഉയര്‍ത്തിക്കൊണ്ടുവരാനാണ് ശശീന്ദ്രവിരുദ്ധ വിഭാഗത്തിന്‍റെ തീരുമാനം. കഴിഞ്ഞ 5 വര്‍ഷത്തിനിടെ വനംവകുപ്പിന്‍റെ പല തീരുമാനങ്ങളിലും നയങ്ങളിലുമുള്ള അഭിപ്രായ വ്യത്യാസവും തുറന്നുകാട്ടും.