നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടന്ന് കോൺഗ്രസ്. സീറ്റ് വിഭജനം നടത്തി സ്ഥാനാർഥിനിർണയം അതിവേഗത്തിൽ പൂർത്തിയാക്കാനുള്ള ഹൈക്കമാൻഡ് നിർദ്ദേശത്തിന് പിന്നാലെ ചൊവ്വാഴ്ച കെപിസിസി തിരഞ്ഞെടുപ്പ് സമിതി ചേരാൻ തീരുമാനിച്ചു. അതേസമയം പ്രചാരണം തുടങ്ങിയ ശേഷമേ, വീണ്ടും മത്സരിക്കാൻ ഇരിക്കുന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പകരക്കാരന് താൽക്കാലിക ചുമതല നൽകൂ.
മുഖ്യമന്ത്രി ആരെന്നതിൽ തർക്കംവേണ്ട. ഒറ്റക്കെട്ടായി മുന്നോട്ടുപോയി വിജയിക്കുക. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം പൂർത്തിയാക്കി, സമയബന്ധിതമായി സ്ഥാനാർഥികളെ നിർണയിക്കുക. സംസ്ഥാന നേതൃത്വത്തിൽ ഹൈക്കമാൻഡ് നൽകിയിരിക്കുന്ന നിർദ്ദേശം ഇതാണ്. അധിക സീറ്റ് വേണ്ടെന്നും സീറ്റ് വെച്ചുമാറ്റം മതിയെന്നും ലീഗ് വ്യക്തമാക്കിയിരിക്കെ, ഘടകകക്ഷികളുമായുള്ള സീറ്റ് വിതരണം വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. വിട്ടുവീഴ്ചകളോടെ ഘടകകക്ഷികളെ ചേർത്ത് നിർത്തി മുന്നോട്ടു പോകുമെന്ന് സൂചിപ്പിക്കുന്നതായി വല്യേട്ടൻ മനോഭാവമില്ലെന്ന കെസി വേണുഗോപാലിന്‍റെ വാക്കുകൾ.
ചൊവ്വാഴ്ച ചേരുന്ന കെപിസിസി തെരഞ്ഞെടുപ്പ് സമിതി, സ്ഥാനാർഥിനിർണയത്തിലേക്ക് കടക്കില്ല. ആദ്യം മാനദണ്ഡങ്ങൾ ചർച്ചചെയ്യും. തൃപ്പൂണിത്തറ ഒഴികെ സിറ്റിങ് എംഎൽഎമാർക്കെല്ലാം വീണ്ടും സീറ്റ് നൽകും. കെ ബാബു സ്വയം മാറി നിന്നാൽ മാത്രമാകും മറ്റൊരാളെ തൃപ്പൂണിത്തറയിൽ പരിഗണിക്കുക. രാഹുൽ മാങ്കൂട്ടത്തിൽ പകരം പാലക്കാടും പുതിയ ആളെ കണ്ടെത്തണം. തിരഞ്ഞെടുപ്പ് സമിതി മൂന്ന് യോഗങ്ങൾ കൊണ്ട് സ്ഥാനാർഥിനിർണയം പൂർത്തിയാക്കാൻ കഴിയും എന്നാണ് കരുതുന്നത്. അതേസമയം, പേരാവൂരിൽ വീണ്ടും മത്സരിക്കാൻ ഇരിക്കുന്ന സണ്ണി ജോസഫ് താൽക്കാലിക ചുമതല ഉടൻ കൈമാറില്ല. പ്രചാരണം തുടങ്ങിയ ശേഷം ആകും ചുമതല കൈമാറുക. 2011ൽ രമേശ് ചെന്നിത്തല അധ്യക്ഷൻ ആയിരിക്കാൻ മത്സരിച്ചപ്പോൾ ആർക്കും ചുമതല നൽകിയിരുന്നില്ല എന്നും നേതൃത്വം സൂചിപ്പിക്കുന്നുണ്ട്.