പത്താനപുരത്ത് ചാണ്ടി ഉമ്മന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടി പറയാനായിരുന്നു മന്ത്രി ഗണേഷ് കുമാറിന്‍റെ വാര്‍ത്താസമ്മേളനം. ചാണ്ടി ഉമ്മന്‍റെ ആരോപണങ്ങള്‍ തള്ളിയ ഗണേഷ് ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണങ്ങള്‍ തിരിക്കുകയായിരുന്നു. പൊടുന്നനെയാണ് ഗണേഷ്കുമാര്‍ ഉമ്മന്‍ ചാണ്ടിക്ക് നേരെ തിരിഞ്ഞത്. ഉമ്മന്‍ചാണ്ടി എന്നെ ദ്രോഹിച്ചതിന് കുഴപ്പമൊന്നുമില്ല എന്നു ചോദിച്ചായിരുന്നു ആരോപണങ്ങള്‍.
കുടുംബം തകര്‍ത്തത് ഉമ്മന്‍ചാണ്ടി; ചാണ്ടി ഉമ്മന്‍റെ ആരോപണം തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച്: ഗണേഷ് കുമാര്‍
സോളര്‍ കേസില്‍ ഗണേഷ് കുമാര്‍ തന്‍റെ കുടുംബത്തോട് ഇത്രയും ദ്രോഹം ചെയ്യുമെന്നു ഒരിക്കലും വിചാരിച്ചില്ലെന്നാണ് കഴിഞ്ഞ ദിവസം പത്തനാപുരത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞത്. എന്നാല്‍ തന്‍റെ കുടുംബം തകര്‍ത്തത് ഉമ്മന്‍ചാണ്ടിയാണ് എന്നായിരുന്നു ഗണേഷിന്‍റെ മറുപടി.
''തന്റെ കുടുംബം തകർത്ത് സർവ്വതും പിടിച്ചു വാങ്ങിച്ച് മക്കളെയും തന്നെയും വേർപെടുത്തി വിടാൻ മധ്യസ്ഥ വഹിച്ചയാളാണ് ഉമ്മൻ ചാണ്ടി. ആ മര്യാദകേടന് മറുപടി പറയണ്ടേ. പറയണ്ട എന്നു വിചാരിച്ചാൽ വായിൽ വിരലിട്ടാൽ കടിക്കാത്ത ആരുമില്ല'' എന്നായിരുന്നു ചാണ്ടി ഉമ്മനോടുള്ള മറുപടി. പ്രകോപിപ്പിച്ചാല്‍ പഴയ കഥകളൊക്കെ പറയുമെന്നും ഗണേഷ്കുമാര്‍ പറഞ്ഞു.
''തന്റെ കുടുംബം തകർത്ത് മക്കളെയും തന്നെയും വഴിയാധാരമാക്കി രണ്ടു വഴിക്കാക്കിയ ദുഷ്ടത്തരത്തിൽ ഉമ്മൻ ചാണ്ടി മറുപടി പറയുമോ? ഉമ്മൻ ചാണ്ടിയുടെ മകൻ മറുപടി പറയുമോ? മേലിൽ ഇത് പറയരുത്. പറഞ്ഞാൽ അപകടമായിരിക്കും. ആര് ആരെയാ ചതിച്ചത് എന്ന് ജനങ്ങൾക്ക് മനസിലാക്കണം. ഇത്രയും നാൾ മിണ്ടായിരുന്ന ആളാണ്. അത് മാത്രമേ തനിക്ക് ചാണ്ടി ഉമ്മനോട് പറയാനുള്ളൂ.'' ഗണേഷ് പറഞ്ഞു.
''താൻ ഉമ്മൻ ചാണ്ടിയെ ചതിച്ചു എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിട്ടില്ലല്ലോ. ഉമ്മൻ ചാണ്ടി അല്ലേ എന്നെ ചതിച്ചത്. താൻ എന്ത് കുറ്റം ചെയ്തിട്ടാണ് 2003 ല്‍ മന്ത്രിസ്ഥാനം രാജിവെപ്പിച്ചത്. തന്റെ പേരിൽ ഏത് കേസാണ് ഉള്ളത് ഈ നാട്ടിലുള്ളത്. സത്യസന്ധമായി ജീവിച്ചതാണോ? നെല്ലിയാംപതിയിലെ വനഭൂമി പതിച്ചു കൊടുക്കാൻ തയ്യാറാവാത്ത കൊണ്ടാണോ താൻ രാജി വെച്ചത്? ഒരു കുടുംബ ഉഴക്കിന് മന്ത്രിയെ രാജി വെപ്പിച്ച് തിരിച്ചെടുക്കാം എന്ന് പറഞ്ഞു നടന്ന് പറ്റിച്ചിട്ട് എല്ലാം കഴിഞ്ഞതിനു ശേഷം അങ്ങനെ പറഞ്ഞാൽ കൊള്ളാം'' മന്ത്രി പറഞ്ഞു.
''എന്‍റെ രണ്ടു മക്കളെയും എന്നെയും കൂടി വേർപിരിച്ചത് ഉമ്മൻ ചാണ്ടി അല്ലേ? ഒരു നല്ല മനുഷ്യനാണെങ്കിൽ നല്ലൊരു കുടുംബനാഥൻ ആണെങ്കിൽ ഉമ്മൻ ചാണ്ടി ഞങ്ങളെ യോജിപ്പിച്ചു വിടാത്തത് എന്താണെന്നും ഗണേഷ് ചോദിച്ചു. അപ്പോൾ അതിനെക്കുറിച്ച് നമുക്ക് പറയാതിരിക്കുന്നതാണ് നല്ലത്. പറഞ്ഞാൽ അനിയാ കൂടിപ്പോകും'', എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.