എയിംസ് കേരളത്തില്‍ വരുമെന്ന അവകാശവാദത്തിനിടെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നടത്തിയ അധിക്ഷേപ പരാമര്‍ശം തന്നെ കുറിച്ചാകാമെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാര്‍. 'കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ..' എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. എയിംസ് വരില്ലെന്ന് താന്‍ പറഞ്ഞത് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചെന്നും ഗണേഷ് കുമാര്‍ മനോരമ ന്യൂസിന്‍റെ തിരഞ്ഞെടുപ്പ് പരിപാടിയായ 'മന്ത്രിക്കെത്ര മാര്‍ക്കി'ല്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയെ താന്‍ ഉപദ്രവിച്ചിട്ടില്ലെന്നും ഇലക്ഷന്‍ കാലമായതുകൊണ്ടാണ് ചാണ്ടി ഉമ്മന്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയതെന്നും ഗണേഷ് കുമാര്‍ പറയുന്നു. അവസാനകാലം വരെ ഉമ്മന്‍ ചാണ്ടിയുമായി നല്ല ബന്ധമായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് മന്ത്രി ഗണേഷ് കുമാര്‍. സിപിഎമ്മില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് ഇക്കാര്യത്തില്‍ തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തൃപ്പൂണിത്തുറ എന്‍എം ഹാളില്‍ ബിജെപി സംഘടിപ്പിച്ച 'വികസനം തൃപ്പൂണിത്തുറയ്ക്കായി' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സുരേഷ്ഗോപി മറ്റേ മോന്‍ പരാമര്‍ശം നടത്തിയത്. എന്നാല്‍ വിവാദമായതോടെ മറ്റേ മോന്‍ വിളിയില്‍ ആളുകള്‍ വ്യാഖ്യാനിച്ചതല്ല താന്‍ ഉദ്ദേശിച്ചതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു. വിമര്‍ശനം ഉന്നയിച്ച ആളുടെ പേര് കിട്ടാതിരുന്നത് കൊണ്ടാണ് ആ സമയത്ത് അങ്ങനെ പറഞ്ഞതെന്നായിരുന്നു ന്യായീകരണം. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ മാധ്യമങ്ങള്‍ വേണ്ടാത്ത വ്യാഖ്യാനങ്ങള്‍ ചമയ്ക്കുകയാണെന്നും അദ്ദേഹം പഴിചാരുകയും ചെയ്തു.