നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് എൽഡിഎഫിനായി ആരിറങ്ങുമെന്ന ചർച്ചയ്ക്കിടെ മന്ത്രി വി. ശിവൻകുട്ടി വീണ്ടും സ്ഥാനാർഥി ആയേക്കും. സിപിഎം ഭരണസമിതി വഴിയാധാരമാക്കിയ നേമം സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ ആശങ്ക അറിയാൻ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ മന്ത്രി നേരിട്ടെത്തി. ബാങ്കിലെ ക്രമക്കേട് തുറന്ന് സമ്മതിച്ച മന്ത്രി നിക്ഷേപകർക്ക് ഒപ്പമാണെന്ന് ആവർത്തിച്ച്, പ്രാദേശിക സിപിഎം നേതാക്കളെയും കൂട്ടിയുള്ള ഇടപെടൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കമെന്നാണ് വിലയിരുത്തൽ.
നേമം സിപിഎമ്മിന് ചെറിയൊരു മീനല്ലെന്നത് തന്നെയാണ് മാസങ്ങള്‍ക്ക് മുന്‍പ് മന്ത്രി നേരിട്ടിറങ്ങാന്‍ കാരണം. ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചെന്ന് നിരന്തരം പറയുന്ന സിപിഎമ്മിന് നേമം നിലനിർത്തുക പ്രധാനമാണ്. അങ്ങനെയാവുമ്പോൾ സിറ്റിങ് എംഎൽഎയും മന്ത്രിയുമായ വി.ശിവൻകുട്ടിയെ തന്നെ മൽസരരംഗത്ത് ഇറക്കണമെന്നാണ് പൊതുവികാരം. മറ്റ് പല പേരുകളും ഉയർന്ന് വരുന്നുണ്ടെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് സീറ്റുറപ്പിച്ച സാഹചര്യത്തിൽ ശിവൻകുട്ടിയിലൂടെ മൽസര രംഗത്ത് മുന്നേറാനാവുമെന്നാണ് എന്ന് എൽഡിഎഫിന്‍റെ കണക്ക് കൂട്ടല്‍. വിജയ സാധ്യതയ്ക്ക് തടസം പറയുന്നതിലെ ഒരുഘടകം സിപിഎം ഭരണസമിതി ക്രമക്കേട് കാട്ടി കടുത്ത പ്രതിസന്ധിയിലാക്കിയ നേമം സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ ആശങ്കയാണ്. നൂറിലേറെ കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. വർഷങ്ങളായി സമരമുഖത്തുള്ള നിക്ഷേപകരെ കാണാൻ മന്ത്രി നേരിട്ടെത്തി. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ.
തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്ന സാഹചര്യത്തിൽ എന്തെങ്കിലും നീക്കുപോക്കുണ്ടാകുമോ എന്ന് നിക്ഷേപകർ. എന്തായാലും മന്ത്രി വന്നു. സങ്കടക്കടലിലായ നിക്ഷേപകരെ അഭിസംബോധന ചെയ്തു. പണം നഷ്ടപ്പെട്ടതിന്‍റെ പേരിൽ കലഹിച്ച് നിൽക്കുന്നവരെ ഒപ്പം കൂട്ടാൻ ശ്രമിക്കുന്ന സിപിഎമ്മിനും ശിവൻകുട്ടിക്കും നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് ആദ്യ പ്രചരണ കൺവൻഷന് സമാനം.