ജി.സുധാകരനെ അനുനയിപ്പിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം  ഇടപെടുന്നു. തന്നെ ആക്ഷേപിച്ചതായി സുധാകരൻ പരാതി ഉന്നയിച്ച പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍  ഇന്നലെ രാത്രി ജി.സുധാകരനെ ഫോണില്‍ വിളിച്ചു. ഗോവിന്ദനെ തന്റെ നിലപാട്  സുധാകരന്‍ അറിയിച്ചു. പരിഹസിച്ച് ചിരിച്ചതല്ലെന്ന് സുധാകരനോട് ഗോവിന്ദന്‍ വിശദീകരിച്ചു. ചിരിച്ചത് മാധ്യമങ്ങളുടെ ചോദ്യം കേട്ടാണ്. അംഗത്വം പുതുക്കണമെന്നും  ഗോവിന്ദന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി സെക്രട്ടറിയുടെ ആവശ്യത്തിന് ജി.സുധാകരന്‍ വഴങ്ങിയില്ല. അംഗത്വം പുതുക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ചു.

 

പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബിയും സുധാകരനുമായി സംസാരിക്കാൻ സാധ്യതയുണ്ട്.  സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.  സ്ഥാനാർഥിനിർണയ ചർച്ചകൾക്കും മറ്റ്  തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും ആയിട്ടാണ് സംസ്ഥാന സമിതി ചേരുന്നതെങ്കിലും ജി.സുധാകരൻ ഉയർത്തുന്ന വിമത ശബ്ദം സംസ്ഥാന സമിതിയിൽ ചർച്ചയ്ക്ക് വന്നേക്കും

 

അതേസമയം,  തിരഞ്ഞെടുപ്പ് കാലത്ത് ആലപ്പുഴയിൽ  സിപിഎമ്മിനെ  പ്രതിസന്ധിയിലാക്കി ജി.സുധാകരന്റെ നീക്കങ്ങൾ. പാർട്ടിക്കു പുറത്തും ജനപ്രീതിയുള്ള സുധാകരനെപ്പോലുള്ള നേതാവിനോട് സിപിഎം നേതൃത്വം കാണിച്ച അവഗണന തിരഞ്ഞെടുപ്പ് വിഷയമാകും. ഏതെങ്കിലും മുന്നണിയുടെ പിന്തുണയോടെ സ്വതന്ത്രനായി തിരഞ്ഞെടുപ്പിൽ മൽസരിച്ചാൽ അത് പാർട്ടിക്ക് വെല്ലുവിളിയുമാകും.

 

സിപിഎം അംഗത്വം ഉപേക്ഷിക്കാൻ തീരുമാനിച്ചതായി അറിയിച്ചെങ്കിലും സുധാകരൻ മനസുതുറന്നിട്ടില്ല. ജില്ലാ നേതൃത്വം ബന്ധപ്പെട്ടപ്പോഴും പോസിറ്റീവായല്ല പ്രതികരണം. ഉണ്ടായത് തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയ ഘട്ടത്തിൽ അപ്രതീക്ഷിത ആഘാതമാണ് സുധാകരൻ നൽകിയത്. തന്നോടു കാട്ടിയ അവഗണനയ്ക്കും കുടുംബത്തെ അടക്കം അധിക്ഷേപിച്ചതിനുമെതിരെ നേതാക്കളോട് പല തവണ പരാതിപ്പെട്ടിട്ടും നടപടികൾ ഉണ്ടായില്ല എന്നു മാത്രമല്ല ചിലരെ സംരക്ഷിക്കുകയും ചെയ്തു. പാർട്ടി പരിപാടികളിൽ സുധാകരനെ പരമാവധി ഒഴിവാക്കി. കഴിഞ്ഞ തവണ പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണ പരിപാടിയിൽ പങ്കെടുപ്പിക്കാത്തതിനാൽ വലിയ ചുടുകാട്ടിൽ ഒറ്റയ്ക്ക് പുഷ്പാർച്ചന നടത്തി പ്രതിഷേധം അറിയിച്ചു. 

 

സ്വന്തം വീടിനടുത്ത് നടന്ന പാർട്ടി ഏരിയ സമ്മേളനത്തിൽ പോലും മുതിർന്ന നേതാവായ സുധാകരനെ ക്ഷണിച്ചില്ല. സുധാകരന്റെ വിമർശനങ്ങൾ അതിരുകടന്ന ഘട്ടത്തിൽ കുട്ടനാട്ടിലെത്തിയ പാർട്ടി  ജനറൽ സെക്രട്ടറി എംഎ ബേബബി പ്രായപരിധി നിബന്ധനയുടെ പേരിൽ കമ്മിറ്റിയിൽ നിന്ന് ഒഴിവാകുകയെന്നാൽ പാർട്ടിയിൽ നിന്ന് ഒഴിവാകുക എന്ന അർഥമില്ലെന്ന് സുധാകരനെ ലക്ഷ്യം വച്ച് പറഞ്ഞു. ഇത്തവണ  മൽസരിക്കാനുള്ള ആഗ്രഹത്തിന് പാർട്ടി നേതൃത്വം എതിരായിരുന്നു. സുധാകരൻ മൽസരിക്കുമെന്ന പ്രചരണം പാർട്ടി പ്രവർത്തകർക്കിടയിലും പുറത്തും ശക്തമായിരുന്നു. തിരഞ്ഞെടുപ്പിൽ സുധാകരൻ സ്ഥാനാർഥിയായാൽ സിപിഎമ്മിന് അത് കടുത്ത വെല്ലുവിളിയാകും. സ്ഥാനാർഥിത്വം  അമ്പലപ്പുഴയിലായാൽ മൽസരത്തിന് പുതിയ മാനം കൈവരും.

 

രാഷ്ട്രീയത്തിനതീതമായ പിന്തുണ സുധാകരനുണ്ട്. ഉറച്ച  പാർട്ടി വോട്ടുകൾ പോലും സുധാകരന് കിട്ടിയെന്ന് വരാം. അനുനയനീക്കത്തിന് പാർട്ടിമുൻകൈയെടുക്കില്ല എന്ന സൂചനകളുണ്ട്. സുധാകരൻ ഉനയിക്കുന്ന പരാതികളിൽ ചിലത് ന്യായമാണെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും എതിരായ പരസ്യ വിമർശനം പാർട്ടിക്ക് ഉൾക്കൊള്ളാനാവില്ല. പാർട്ടി അംഗം എന്ന നിലയിൽ നടപടിക്കും സാധ്യതയുണ്ട്. നിർണായക തിരഞ്ഞെടുപ്പ് ഘട്ടത്തിൽ സുധാകരൻ പാർട്ടിയെ പ്രതിസന്ധിയിലാക്കിയതിൽ ജില്ലയിലെ നേതൃനിരയിൽ അമർഷം ശക്തമാണ്. സുധാകരന്റെ നീക്കങ്ങൾ എങ്ങനെയെന്നറിഞ്ഞ ശേഷമായിരിക്കും പാർട്ടിയുടെ തുടർ നടപടികൾ.

ENGLISH SUMMARY:

The party’s state leadership has stepped in to pacify G. Sudhakaran. Party state secretary M.V. Govindan, against whom Sudhakaran had raised a complaint alleging criticism, called him last night. Sudhakaran conveyed his stance to Govindan during the phone conversation. Govindan explained that he did not mock or laugh at him intentionally — the smile was a reaction to a media question. He also requested Sudhakaran to renew his party membership.