തദ്ദേശ തിരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസർകോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാൽ അറിയാമെന്ന പരാമര്‍ശത്തില്‍ ഉറച്ച് മന്ത്രി സജി ചെറിയാൻ. താൻ ഇന്നലെ പറഞ്ഞത് യാഥാർത്ഥ്യമാണെന്ന് കണക്കുകള്‍ നിരത്തി വിശദീകരിക്കാന്‍ ശ്രമിച്ചു. മുസ്‍ലിം മേഖലയിൽ ലീഗും ഹിന്ദു മേഖലയിൽ ബിജെപിയുമാണ് ജയിക്കുന്നത്. ലീഗ് രാഷ്ട്രീയത്തെയാണ് തുറന്നുകാട്ടാന്‍ ശ്രമിച്ചത്. ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താൻ ഉദ്ദേശിച്ചതെന്നുമാണ് സജി ചെറിയാന്‍ . പ്രസ്താവന വളച്ചൊടിച്ചെന്നും അതിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും മന്ത്രി. മാധ്യമങ്ങളുടെ കൂടുതല്‍ ചോദ്യങ്ങളോട് സജി ചെറിയാന്‍ ക്ഷോഭിച്ചു.
മന്ത്രി സജി ചെറിയാൻ ആര്‍എസ്എസ് ഏജന്റെന്ന് യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ ആരോപിച്ചു. സംഘപരിവാറും സജി ചെറിയാനും ഭരണഘടനയ്ക്ക് എതിരാണ്. മന്ത്രിയുടെ പരാമര്‍ശം സത്യപ്രതിജ്ഞാ ലംഘനവും ബോധപൂര്‍വവുമാണ്. ആര്‍എസ്എസുമായുള്ള ഡീലിന് വി.എൻ വാസവനെയും സജി ചെറിയാനെയും ചുമതലപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്നും ബിനു ചുള്ളിയിൽ ആരോപിച്ചു.
Also Read: സജി ചെറിയാന്‍റെ വിവാദ പരാമര്‍ശം ദോഷകരം; സിപിഎം നേതൃത്വത്തിന് അതൃപ്തി
സജി ചെറിയാന്റേത് അപകടകരമായ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. വര്‍ഗീയ ധ്രുവീകരണമാണ് സിപിഎം അജന്‍ഡയെന്നും തിരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് കളിക്കാന്‍ ശ്രമിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. വര്‍ഗീയ ചേരിതിരിവിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വിവാദ പ്രസ്താവനയില്‍ സജി ചെറിയാന്റെ വിശദീകരണം വരട്ടെയെന്നായിരുന്നു മന്ത്രി ശിവന്‍കുട്ടിയുടെ നിലപാട്. സജി ചെറിയാന്‍ അങ്ങൊനൊരു പ്രസ്താവന നടത്താന്‍ സാധ്യത കുറവാണെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു.
അതേസമയം, സജി ചെറിയാന്‍റെ വിവാദ പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഒഴിഞ്ഞുമാറി. പരാമര്‍ശം ദോഷകരമാണെന്നും സജി ചെറിയാന്‍ ശ്രദ്ധിക്കാതെ ഓരോന്ന് പറയുന്നത് ഒഴിവാക്കണമെന്നും നേതൃത്വം. പ്രതിപക്ഷ നേതാവിനെതിരായ എന്‍എസ്എസ്, എസ്എന്‍ഡിപി നേതാക്കളുടെ വിമര്‍ശനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ സജി ചെറിയാന്‍റെ പരാമര്‍ശം ഇടയാക്കിയെന്നും പാര്‍ട്ടി വിലയിരുത്തല്‍.
‘തദ്ദേശ തിരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസർകോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാൽ അറിയാം. എൻഎസ്എസ്-എസ്എൻഡിപി സഹകരണം സിപിഎമ്മിന്റെ സോഷ്യൽ എൻജിനീയറിങ്ങിന്റെ ഭാഗമല്ല’ എന്ന സജി ചെറിയാന്‍റെ പ്രസ്താവനയാണ് വിവാദമായത്.
ഇത് കൂടാതെ ‘കാസർകോട് മുനിസിപ്പാലിറ്റിയിലും മലപ്പുറത്തെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ജയിച്ചുവന്നവരുടെ പേര് വായിച്ചുനോക്കൂ. സമുദായത്തിനു ഭൂരിപക്ഷം ഇല്ലാത്തവർ എവിടെനിന്നാലും ജയിക്കാൻ പറ്റാത്ത സ്ഥിതിയുണ്ടാകും. കേരളത്തെ ഉത്തർപ്രദേശും മധ്യപ്രദേശും ആക്കാൻ ശ്രമിക്കരുത്’ എന്നും മന്ത്രി പറഞ്ഞു. കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ നയിച്ച കേരളയാത്രയുടെ സമാപനച്ചടങ്ങിൽ വി.ഡി.സതീശൻ നടത്തിയ പ്രസംഗത്തെയും സജി ചെറിയാന്‍ വിമർശിച്ചിരുന്നു.
‘വർഗീയ ചേരിതിരിവുണ്ടാക്കി ന്യൂനപക്ഷത്തിന്റെ വോട്ടു പിടിക്കാൻ കഴിയുമോയെന്ന അടവാണു സതീശൻ നടത്തിയത്. പ്രസ്താവന പിൻവലിച്ചു സതീശൻ മാപ്പു പറയണം.കാറിൽ കയറ്റിയെന്നും ഷാൾ പുതപ്പിച്ചുവെന്നും സതീശൻ പറഞ്ഞു. ഷാൾ പുതപ്പിച്ചുവെന്ന് ഉദ്ദേശിച്ചത് എൻഎസ്എസ് ജനറൽ സെക്രട്ടറിയെ ആണോ? ആരോഗ്യനില മോശമായ സുകുമാരൻ നായരെ കാണാനാണ് മുഖ്യമന്ത്രി പെരുന്നയിൽ പോയത്. പ്രായമായ ആളല്ലേ വെള്ളാപ്പള്ളി. അദ്ദേഹത്തെ കാറിൽ കയറ്റാതെ ഇറക്കിവിടണമായിരുന്നോ?‘. ആർഎസ്എസിന്റെ മറുഭാഗം പറയുന്നത് മുസ്‌ലിം ലീഗ് ആണെന്നും അവർ ഒരു വിഭാഗത്തെ വർഗീയമായി ചിന്തിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും സജി ചെറിയാൻ ആരോപിച്ചു.