കൊട്ടാരക്കരയില്‍ കെ.എന്‍.ബാലഗോപാല്‍ - അയിഷ പോറ്റി മല്‍സരത്തിനു കളമൊരുങ്ങി. ഇന്ന് മണ്ഡലത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നത് സര്‍ക്കാര്‍ പരിപാടിയാണെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിക്കല്‍ കൂടിയാകും ചടങ്ങ്. സംസ്ഥാനത്തു തന്നെ ശ്രദ്ദിക്കപ്പെടുന്ന മല്‍സരം നടക്കുന്ന മണ്ഡലമായി കൊട്ടാരക്കര മാറുമെന്നുറപ്പ്.
ജില്ലയിലെ സിപിഎമ്മിന്‍റെ ജനപ്രിയ മുഖമായിരുന്ന ഐഷ പോറ്റിയെ പാര്‍ട്ടിയിലെത്തിക്കാനുള്ള ചുമതല കോണ്‍ഗ്രസ് ഏല്‍പ്പിച്ചത് കൊടിക്കുന്നില്‍ സുരേഷിനെയായിരുന്നു. കോണ്‍ഗ്രസിലെത്തിയതിനു പിന്നാലെ പാര്‍ട്ടി വേദികളില്‍ ഐഷ പോറ്റി സജീവമാകുകയും ചെയ്തു. മണ്ഡലത്തിലുടനീളമുള്ള ഐഷയുടെ വ്യക്തി ബന്ധങ്ങള്‍ മുതല്‍കൂട്ടാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
മണ്ഡലത്തില്‍ ചെയ്ത കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് കെ.എന്‍.ബാലഗോപാലും സജീവമായതോടെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വന്നില്ലെങ്കില്‍ലൂം മല്‍സര വേദി ഉണര്‍ന്നു കഴിഞ്ഞു. ഇന്ന് മുഖ്യമന്ത്രി കൊട്ടാരക്കരയില്‍ നിര്‍വഹിക്കുന്ന വര്‍ക്ക് നിയര്‍ ഹോം പദ്ധതി തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുടക്കമായി മാറും. ഇന്നത്തേത് സര്‍ക്കാര്‍ പരിപാടിയാണെങ്കിലും പരമാവധി പ്രവര്‍ത്തക പങ്കാളിത്തമുണ്ടാകണമെന്നു ജില്ലാ കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു.
കഴിഞ്ഞ തവണ ബാലഗോപാല്‍ മല്‍സരിക്കാനെത്തുമ്പോള്‍ വിജയിപ്പിക്കാന്‍ മുന്നില്‍ നിന്നത് ഐയിഷ പോറ്റിയായിരുന്നു. ഇക്കുറി അവര്‍ തമ്മിലുള്ള പോരാട്ടമായി മാറുമ്പോള്‍ കൊട്ടാരക്കരയ്ക്കിത് പുതിയൊരു മല്‍സര അനുഭവമാകും.