പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ വെള്ളാപ്പള്ളിക്ക് പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും. എന്‍എസ്എസിന്‍റെ ആസ്ഥാനത്ത് ഒന്നര മണിക്കൂറാണ് വി.ഡി.സതീശന്‍ വന്നിരുന്നതെന്നും എന്നിട്ട് സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പറയുന്നതിന്‍റെ കാര്യമെന്താണെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ക്നാനായ സഭയുടെ തിരുമേനിയെ കാണാന്‍ പോയതെന്തിനാണ്? സതീശന്‍ പറയുന്നതല്ല പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'അയാളൊരു നേതാവാണോ, പറഞ്ഞിടത്ത് നില്‍ക്കണ്ടേ'യെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.
ഇങ്ങനെ മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസിന് അടി കിട്ടുമെന്നും സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. 'കോണ്‍ഗ്രസിന്‍റെ നയം പറയാന്‍ ആരാണ് സതീശനെ അധികാരപ്പെടുത്തിയത്. കോണ്‍ഗ്രസിന് പ്രസിഡന്‍റില്ലേ? അദ്ദേഹത്തെ നോക്കുകുത്തിയാക്കി. സതീശനാണ് ഇൗ ശത്രുക്കളെയെല്ലാം ഉണ്ടാക്കുന്നത്. എല്ലാ സമുദായങ്ങളേയും ആക്ഷേപിച്ചത് സതീശന്‍ മാത്രമാണ്. ചെന്നിത്തലയ്ക്കുള്ള യോഗ്യത കോണ്‍ഗ്രസില്‍ ആര്‍ക്കുണ്ടെ'ന്നും സുകുമാരന്‍ നായര്‍ ചോദ്യമുയര്‍ത്തുന്നു.
‘ലീഗ് ഐക്യം തകര്‍ത്തിട്ടില്ല’
അതേസമയം, എന്‍എസ്എസ്– എസ്എന്‍ഡിപി ഐക്യം കാലഘട്ടത്തിന്‍റെ ആവശ്യമെന്ന വെള്ളാപ്പള്ളി നടേശന്‍റെ നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. വെള്ളാപ്പള്ളിയാണ് ഐക്യം ആഗ്രഹിച്ചത്. ആ നിലപാട് ശരിയെന്ന് തനിക്കും തോന്നിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.'എന്‍എസ്എസിന്‍റെ അടിസ്ഥാനമൂല്യം നിലനിര്‍ത്തിയാകും ഐക്യമെന്നും രാഷ്ട്രീയത്തില്‍ സമദൂരനിലപാട് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈഴവ–നായര്‍ ഐക്യം തകര്‍ത്തത് ലീഗാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന സുകുമാരന്‍ നായര്‍ തള്ളി. സംവരണ പ്രശ്നത്തെ തുടര്‍ന്നാണ് മുന്‍പ് അകന്ന് നിന്നത്. ഇക്കാര്യത്തില്‍ ലീഗ് ശക്തമായ നിലപാടെടുത്തു. അതുകൊണ്ടാകാം വെള്ളാപ്പള്ളി അങ്ങനെ പറഞ്ഞത്. ഐക്യത്തില്‍ ലീഗ് വേണ്ടന്നത് വെള്ളാപ്പള്ളിയുടെ പോളിസി. അത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ലെന്നും സുകുമാരന്‍ നായര്‍ വിശദീകരിച്ചു.
‘വെള്ളാപ്പള്ളിയെ ആക്ഷേപിക്കരുത്’
വെള്ളാപ്പള്ളിയെ ആക്ഷേപിക്കുന്നത് ശരിയായ രീതിയല്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു.'അദ്ദേഹം എന്നെ എന്തെല്ലാം പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ അത് പൊറുക്കുന്നു, കണക്കിലെടുക്കുന്നില്ല. അദ്ദേഹത്തെപ്പോലൊരു നേതാവിനെ ആക്ഷേപിക്കരു'തെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരെയും എന്‍എസ്എസ് രംഗത്തെത്തി. സുരേഷ്ഗോപി വന്നത് രാഷ്ട്രീയലക്ഷ്യത്തോടെയെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ജനിച്ച് ഇന്നേവരെ ഇൗ മണ്ണില്‍ കാലുകുത്താത്ത ആളാണ്. മീറ്റിങ്ങിനിടയില്‍ സുരേഷ്ഗോപി ചോദിക്കാതെ കയറിവന്നു. അത് ശരിയല്ലെന്ന് പറഞ്ഞു, ഇറങ്ങിപ്പോയി. തൃശൂര്‍ പിടിച്ചപോലെ എന്‍എസ്എസ് പിടിക്കാനാകില്ല. ആര്‍ക്കും ഇവിടെ വരാം, വരേണ്ട രീതിയില്‍ വരണമെന്നും സുകുമാരന്‍ നായര്‍ തുറന്നടിച്ചു.