pk-syamala-mm-mani-0403

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.ഐ.എം സ്ഥാനാർഥി പട്ടികയിൽ വൻ അഴിച്ചുപണി. മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പേരാവൂരിൽ തന്നെ ജനവിധി തേടുമെന്ന് ഉറപ്പായി. പേരാമ്പ്രയിൽ എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണൻ വീണ്ടും മത്സരിക്കും. അതേസമയം, എം.എം. മണിയെ ഇത്തവണ മത്സരരംഗത്തുനിന്ന് ഒഴിവാക്കി. ഉടുമ്പൻചോലയിൽ മണിക്ക് പകരം കെ.കെ. ജയചന്ദ്രൻ സ്ഥാനാർഥിയാകും.

തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരെ ഉയർന്ന പ്രാദേശിക എതിർപ്പുകൾ വകവെക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്. അതേസമയം, പാർട്ടി വിടുമെന്ന സൂചന നൽകിയ ജി. സുധാകരന്റെ വിഷയം സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്തില്ല.

എലത്തൂർ മണ്ഡലം എൻ.സി.പിക്ക് തന്നെ നൽകാൻ എൽ.ഡി.എഫ് തീരുമാനിച്ചു. കുട്ടനാട് സീറ്റ് ഏറ്റെടുക്കില്ല. കഴിഞ്ഞ തവണ മത്സരിച്ച കോട്ടയ്ക്കൽ സീറ്റ് വേണ്ടെന്ന് എൻ.സി.പി അറിയിച്ചിട്ടുണ്ട്; പകരം മറ്റ് സാധ്യതകൾ പരിഗണിക്കാമെന്ന് സി.പി.ഐ.എം മറുപടി നൽകി. സ്ഥാനാർഥികളെ അന്തിമമായി തീരുമാനിക്കാൻ എൻ.സി.പി ഇന്ന് വൈകിട്ട് യോഗം ചേരും.