Image Credit: X@TheBritishIntel
മിഡില്‍ ഈസ്റ്റില്‍ യു.എസ്– ഇറാന്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ നാവിക സേനയുടെ കപ്പലിനുനേരെ ആക്രമണം. നാവിക സേനയുടെ 'ഐറിസ് ഡെന' എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. ശ്രീലങ്കയുടെ തെക്കൻ ഭാഗത്തുള്ള ഗാലെ തീരത്താണ് ആക്രമണമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 180 പേരുണ്ടായിരുന്ന കപ്പലില്‍ നിന്നും 78 പേരെ ശ്രീലങ്കന്‍ സേന രക്ഷപ്പെടുത്തി. 110 പേരെ കാണാനില്ല.
ആക്രമണം ശ്രീലങ്കന്‍ നാവികസേന സ്ഥിരീകരിച്ചു. ആക്രമിച്ചത് യുഎസ് അന്തര്‍വാഹിനിയെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിന് പിന്നാലെ കപ്പല്‍ മുങ്ങി. കപ്പൽ അപകടത്തിലാണെന്ന വിവരമാണ് ശ്രീലങ്കൻ നാവികസേനയ്ക്ക് ലഭിച്ചെന്നും നാവിക സേനയും വ്യോമസേനയും രക്ഷാപ്രവർത്തനത്തിന് കപ്പലുകളും വിമാനങ്ങളും അയച്ചുവെന്നും വിദേശകാര്യ മന്ത്രി വിജിത ഹെറാത്ത് പാർലമെന്റിൽ അറിയിച്ചു.
അപകടത്തില്‍ ഒരാൾ അതീവ ഗുരുതരാവസ്ഥയിലാണെന്നും ഏഴുപേർക്ക് അടിയന്തര ചികിത്സ നൽകുന്നുണ്ടെന്നുമാണ് വിവരം. പരിക്കേറ്റവരെ ഗാലെയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.