കേരളത്തെ വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒരു പോര്‍ട്ട് സിറ്റിയായി വിഭാവനം ചെയ്ത് വന്‍കിട പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. സംസ്ഥാനത്തെ 600 കിലോമീറ്റർ തീരദേശം രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ ഒരു കണ്ടെയ്നർ ട്രാൻസിറ്റ്മെന്‍റ് ടെർമിനൽ, 17 നോൺ മേജർ തുറമുഖങ്ങൾ മറ്റേകം ജലസ്രോതസ്സുകൾ തുടങ്ങിയ സാധ്യതകൾ സംയോജിപ്പിച്ചാകും ഇത് നടപ്പിലാക്കുക. കേരളത്തെ ഒരു പോർട്ട് സിറ്റിയായി വിഭാവനം ചെയ്ത് റോഡ് –സമുദ്രം– റെയിൽ– ഉൾനാടൻ ജലപാതകൾ–നിർമ്മാണ മേഖലകൾ – ഗ്രീൻ ഫീൽഡ് സിറ്റി എന്നിവയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം ട്രാൻഷിപ്പ്മെന്‍റ് ടെർമിനലിനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഗതാഗത ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി ബാലരാമപുരം– വിഴിഞ്ഞം–ഭൂഗർഭ റെയിൽ, വിഴിഞ്ഞം–നാവായിക്കുളം ഔട്ട് റിങ് റോഡ് എന്നീ പദ്ധതികൾക്കായുള്ള സ്ഥലം ഏറ്റെടുക്കലും നിർമ്മാണ പ്രവർത്തനങ്ങളും വേഗത്തിൽ നടപ്പിലാക്കും. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് ചുറ്റും നിർമ്മാണ മേഖലകൾ, സ്റ്റഫിങ് സെന്ററുകള്‍, ഡ്രൈ പോർട്ട് എന്നിവ ആരംഭിക്കും. ആഗോള ഷിപ്പിങ് വ്യവസായം ഹരിത ഇന്ധനങ്ങളിലേക്ക് മാറിയ അവസരം പ്രയോജനപ്പെടുത്തി ഗ്രീൻ ബങ്കറിങ് സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ ഉയർത്തും. മദർഷിപ് നിർമ്മാണം അവയുടെ അറ്റകുറ്റപ്പണി എന്നിവ ലക്ഷ്യമാക്കി കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കും ഇതിനായി ആവശ്യമായ സ്ഥലം ഏറ്റെടുത്ത് അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കും. ഇത്തരത്തിലുണ്ടാകുന്ന തൊഴിലവസരങ്ങളിൽ തീരപ്രദേശത്ത് ജീവിക്കുന്ന സാധാരണക്കാർക്ക് സംവരണം നൽകുമെന്നും മുഖ്യമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
പുതുയുഗ കേരളപ്പിറവിയാണ് യുഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ബജറ്റ് അവതരിപ്പിക്കവേ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് ആരോഗ്യ– വിദ്യാഭ്യാസ മേഖലകള്‍ വികസിക്കേണ്ടതുണ്ടെന്നും തൊഴിലവസരങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം കടുത്ത സാമ്പത്തിക വെല്ലുവിളി നേരിടുകയാണെന്നും 20,500 കോടിയുടെ പ്രതീക്ഷിത വരുമാനം കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷിത വരുമാനത്തിൽ ഉണ്ടായിട്ടുള്ള ഈ ഗണ്യമായ കുറവ് കണക്കിലെടുക്കാതെയാണ് പദ്ധതി അടങ്കൽ 35750 കോടി രൂപയായി മുൻ സർക്കാർ നിശ്ചയിച്ചിരുന്നത്. ഈ കുറവ് കണക്കിലെടുക്കുമ്പോൾ യഥാർത്ഥ പദ്ധതി ആനുപാതികമായ കുറവുണ്ടാകും കൊടുത്തു തീർക്കേണ്ട ബാധ്യതകളിൽ ക്ഷാമബത്ത കുടിശ്ശിക ഇനത്തിൽ 2670 എഴുപത് കോടി രൂപയും ക്ഷേമാശ്വാസ കുടിശിക ഇനത്തിൽ 14387 കോടി രൂപയും ബിൽ ഡിസ്കൗണ്ടിങ് വഴി ബാങ്കുകൾക്കും കരാറുകാർക്കുമായി നൽകാനുള്ള 3431 കോടി രൂപയും മാറ്റിവയ്ക്കപ്പെട്ട 9245 കോടി രൂപയുടെ മറ്റ് ബാധ്യതകളും കിഫ്ബിയുടെ 20000 കോടി രൂപയുടെ വായാ തിരിച്ചടവിന്റെ ബാധ്യതയും ധവളപത്ര പ്രകാരം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.