സീറ്റ് ആവശ്യപ്പെടാൻ കോൺഗ്രസിന് സ്വാതന്ത്ര്യമുണ്ടെങ്കിലും യുഡിഎഫിൽ തങ്ങൾ മൽസരിക്കുന്ന കുട്ടനാട് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. എൽഡിഎഫിലും യുഡിഎഫിലും എൻഡിഎയിലും ഘടകകക്ഷികൾ മൽസരിക്കുന്ന സീറ്റാണ് കുട്ടനാട്. യുഡിഎഫിൽ കുട്ടനാട് സീറ്റിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയർമാൻ റെജി ചെറിയാൻ സ്ഥാനാർഥിയാകും.
യുഡിഎഫിൽ കേരള കോൺഗ്രസും എൽഡിഎഫിൽ എൻസിപിയും എൻഡിഎയിൽ BDJS ഉം മൽസരിക്കുന്ന മണ്ഡലമാണ് കുട്ടനാട് . വർഷങ്ങളായി ഘടക കക്ഷി പോരാട്ടം നടക്കുന്ന സ്ഥലം. ഇത്തവണ കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം കോൺഗ്രസിലും സി പി എമ്മിലും ഉയർന്നെങ്കിലും കോൺഗ്രസ് സംസ്ഥാന -ദേശീയ നേത്യത്വം അനുകൂലമായി പ്രതികരിച്ചില്ല. സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ഇപ്പോഴും പ്രചാരണം നടത്തുന്നുണ്ട്. കുട്ടനാട് സീറ്റിൽ ഘടകകക്ഷിയായ എൻസിപി തന്നെ മൽസരിക്കും എന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫിൽ കേരള - ജോസഫ് വിഭാഗത്തിന് ആലപ്പുഴയിലുള്ള ഏകസീറ്റാണിത്. കുട്ടനാട് വിട്ടുകൊടുക്കില്ലെന്ന നിലപാട് പാർട്ടി പരസ്യമായി അറിയിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിന്‍റെ പ്രാഥമിക പ്രവർത്തനങ്ങൾ ജോസഫ് ഗ്രൂപ്പ് ആരംഭിച്ചു. പാർട്ടി വൈസ് ചെയർമാനും പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ റെജി ചെറിയാൻ ആയിരിക്കും സ്ഥാനാർഥി. യുഡി എഫിൽ ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയാക്കിയാലുടൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. എൽഡിഎഫിൽ എൻസിപി സ്ഥാനാർഥിയായി തോമസ് കെ തോമസ് തന്നെയാകും മൽസരിക്കുക.