നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലം ഘടകകക്ഷിയായ സി.എം.പിക്ക് നൽകാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിൽ വൻ പ്രതിഷേധം. തിരുവനന്തപുരം മണ്ഡലം സി.എം.പിക്ക് നൽകരുതെന്ന് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരുടെ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി തന്നെ വേണമെന്നും, അതിനായി 'കൈപ്പത്തി' അടയാളം വരച്ച് ചുവരെഴുത്ത് ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി.
സി.എം.പി നേതാവ് സി.പി. ജോണിനായി തിരുവനന്തപുരം സീറ്റ് നൽകാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് മണ്ഡലം ഭാരവാഹികളുടെ ആരോപണം. എന്നാൽ, സ്ഥാനാർഥി ആരായാലും കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ കൈപ്പത്തിയിൽ തന്നെ മത്സരിക്കണമെന്ന കർശന നിലപാടിലാണ് പ്രാദേശിക നേതൃത്വം. കഴിഞ്ഞ തവണത്തെ തിരിച്ചടികൾ പാഠമാക്കണമെന്നും ഇത്തവണ പരീക്ഷണങ്ങൾക്ക് മുതിരരുതെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.