26 വര്‍ഷത്തെ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജീവിത പങ്കാളിയെപ്പറ്റി വൈറല്‍ കുറിപ്പുമായി എന്‍കെ പ്രേമചന്ദ്രന്‍ എംപി. കഴിഞ്ഞ 26 വര്‍ഷങ്ങളായി താന്‍ ഏറ്റവും അടുത്ത് കണ്ട ഒരു യാത്ര ഇന്ന് ഒരു പുതിയ അധ്യായത്തിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'എന്‍റെ ജീവിത പങ്കാളിയായ ഡോ. എസ്. ഗീത 26 വര്‍ഷത്തെ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കി ഇന്ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു.
നേരം പുലര്‍ച്ചെ 4 മണിക്ക് എഴുന്നേറ്റ് ഗാര്‍ഹിക ജോലികള്‍ പൂര്‍ത്തിയാക്കി കൊല്ലത്ത് നിന്നും 6.30 നുള്ള വേണാട് എക്സ്പ്രസില്‍ ചങ്ങനാശ്ശേരിയിലിറങ്ങി അവിടെ നിന്ന് വീണ്ടും 12 കിലോമീറ്റര്‍ റോഡുമാര്‍ഗ്ഗം യാത്രചെയ്ത് കുറിച്ചി ഹോമിയോ കോളേജിലെത്തി രണ്ടര പതിറ്റാണ്ടിലേറെ കാലം നടത്തിയ സര്‍വ്വീസ് സമര്‍പ്പിതവും സാഹസികവുമായിരുന്നു. വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തുന്നത് സന്ധ്യാനേരത്ത്. ഔദ്യോഗിക ജോലികള്‍ ഭംഗിയായി നിര്‍വ്വഹിക്കുമ്പോഴും വീട്ടിലെ മുഴുവന്‍ കാര്യങ്ങളും കൃത്യതയോടെ ചെയ്തിരുന്നു. എന്‍റെ കുടുംബജീവിതത്തിലും പൊതുജീവിതത്തിലും നിഴലായി, കരുത്തായി ശക്തിപകരുന്ന ഗീതയുടെ റിട്ടയര്‍മെന്‍റ് ജീവിതം സാര്‍ത്ഥകമായിത്തീരട്ടെയെന്ന് പ്രത്യാശിക്കുന്നു. വിരമിക്കല്‍ ജീവിതത്തിന്‍റെ അവസാനമല്ല, പുതിയൊരു തുടക്കമാണ്'. – അദ്ദേഹം കുറിച്ചു.