പാലക്കാട് ചിറ്റൂര്‍ മണ്ഡലത്തില്‍ ഇനി പുതുതലമുറ നേതാക്കന്‍മാരുടെ പോരാട്ടം. അഞ്ച് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇക്കുറി വഴിമാറുന്നു. പകരം ഇടതുമുന്നണി സ്ഥാനാര്‍ഥിയായി വി.മുരുകദാസ് രംഗത്തിറങ്ങും.

ഇടതിനും വലതിനും പൂര്‍ണമായി വഴങ്ങാത്ത ചിറ്റൂരില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ കരുത്തുമായി എത്തിയാണ് കെ.കൃഷ്ണന്‍കുട്ടി മണ്ഡലത്തിന്‍റെ ചുക്കാന്‍ പിടിച്ചത്. 1980, 82, 91, 2016, 2021 തുടങ്ങി അഞ്ച് തവണ ഇവിടെനിന്ന് വിജയിച്ചുകയറി. ഇതില്‍ രണ്ട് പ്രാവശ്യം മന്ത്രി. ആദ്യം ജലവിഭവം, ഇപ്പോള്‍ വൈദ്യുതി വകുപ്പ്. ഇനി ഒരു മത്സരത്തിനില്ല. യുവ തലമുറയ്ക്ക് വേണ്ടി വഴിമാറുന്നുവെന്ന് കൃഷ്ണന്‍കുട്ടി.

 സേഷ്യലിസ്റ്റ് ജനതാദളിന്‍റെ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വി.മുരുകദാസ് എല്‍ഡിഎഫിനായി ഇക്കുറി കളത്തിലിറങ്ങും. തുടര്‍ച്ചയായ നാല് തവണ വിജയിച്ച കോണ്‍ഗ്രസിലെ കെ.അച്യുതന്‍ മാറിയാണ് കഴിഞ്ഞ തവണ സുമേഷ് അച്യുതന് സീറ്റ് നല്‍കിയത്. ഇത്തവണയും സുമേഷ് രംഗത്തിറങ്ങിയാല്‍ അത് രണ്ട് യുവ നേതാക്കളുടെ പോരാട്ടമായി മാറും. ചിറ്റൂര്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായ, മുരുകദാസ് കൃഷ്ണന്‍കുട്ടിയുടെ വിശ്വസ്തന്‍ കൂടിയാണ്. 

ENGLISH SUMMARY:

Chittur constituency is gearing up for a new generation of leaders to contest in the upcoming elections. Veteran leader K. Krishnankutty will be stepping aside, making way for a fresh political battle.