ബലാൽസംഗക്കേസിൽ ജയിലിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ നിർണായക നീക്കവുമായി പ്രോസിക്യൂഷൻ. അറസ്റ്റിൽ ചട്ടം പാലിച്ചില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദം തള്ളിയ പ്രോസിക്യൂഷൻ അതിജീവിതയുടെ മൊഴി എടുത്ത വിഡിയോ ഹാജരാക്കി. ഐ.ടി ആക്ട് പ്രകാരമുള്ള സർട്ടിഫിക്കറ്റ് സഹിതമുളള വിഡിയോയാണ് ഹാജരാക്കിയത്. രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ തിരുവല്ല കോടതി നാളെ വിധി പറയും.
പ്രോസിക്യൂഷന്‍റെ ആവശ്യപ്രകാരം അടച്ചിട്ട കോടതിമുറിക്കുള്ളിലായിരുന്നു വാദപ്രതിവാദം. രാഹുലിനെ അറസ്റ്റ് ചെയ്തപ്പോൾ ചട്ടം പാലിച്ചില്ലെന്നും മൊഴിയെടുത്ത് മൂന്നു ദിവസത്തിനകം മൊഴിപ്പകർപ്പിൽ പരാതിക്കാരി ഒപ്പുവെക്കണമെന്ന നിബന്ധന പാലിച്ചില്ലെന്നുമുള്ള പ്രതിഭാഗത്തിന്‍റെ വാദം പൊളിച്ചടുക്കിയായിരുന്നു പ്രോസിക്യൂഷന്‍റെ ചടുലനീക്കം. അതിജീവിതയുടെ മൊഴി എടുത്ത വിഡിയോ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഐ.ടി ആക്ട് പ്രകാരമുള്ള സർട്ടിഫിക്കറ്റ് സഹിതം പഴുതടച്ചു. വിദേശത്തായതിനാൽ ഓൺലൈനായി രഹസ്യമൊഴി എടുക്കണമെന്നും പരാതിക്കാരി കോടതിയിൽ അപേക്ഷ നൽകി.
രാഹുലും പരാതിക്കാരിയും പരസ്പര സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും ഉത്തരവാദിത്വമുള്ള ജനപ്രതിനിധിയായ രാഹുൽ ജാമ്യം കിട്ടിയാൽ മുങ്ങുകയില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. മാവേലിക്കര ജയിലിൽ കഴിയുന്ന രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിതാ പുളിക്കനെ സൈബർ പൊലീസ് കോട്ടയത്തുനിന്ന് അറസ്റ്റ് ചെയ്തു. അതിജീവിതയുടെ ചാറ്റ് പുറത്തുവിട്ട കേസിൽ പ്രതിയായ ഫെന്നി നൈനാൻ ഹൈക്കോടതിയെ സമീപിച്ചു. എഫ്ഐആർ റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം