നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ലന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. തിരുവനന്തപുരത്ത് മലയാള മനോരമ സംഘടിപ്പിച്ച ‘പോർമുഖാമുഖം’ സംവാദത്തിലാണ് കെ.സി. നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയായി ആരെയും ഉയര്‍ത്തിക്കാട്ടുന്ന രീതി കോണ്‍ഗ്രസിനില്ല. അതിനാൽ പാർട്ടിക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയുമില്ല. രമേശ് ചെന്നിത്തലയും വി.ഡി.സതീശനുമടക്കമുള്ള നേതാക്കൾ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും പക്ഷെ മുഖ്യമന്ത്രിയുടെ പേരില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി രീതിയനുസരിച്ച് എംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും അഭിപ്രായം തേടിയ ശേഷം പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് എമ്മിന് മുന്നില്‍ വാതിലടക്കില്ലെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിന്‍റെ അണികളും പ്രവര്‍ത്തകരും യുഡിഎഫിനൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. അത് മറികടന്ന് തീരുമാനമെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിക്കുമോ? ഇക്കാര്യം ആലോചിച്ച് കേരള കോണ്‍ഗ്രസ് (എം) തീരുമാനമെടുത്താല്‍ കോണ്‍ഗ്രസ് സ്വീകരിക്കാതിരിക്കില്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് എം മുന്നണി വിടില്ലെന്നും എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നുമായിരുന്നു ജോസ് കെ.മാണി കഴിഞ്ഞദിവസം പ്രസ്താവിച്ചത്. പാര്‍ട്ടിയില്‍ പല അഭിപ്രായങ്ങളുണ്ടെന്ന് സമ്മതിച്ച ജോസ് കെ. മാണി അഞ്ച് എംഎല്‍എമാരും ഒന്നിച്ചുനില്‍ക്കുമെന്നും പറഞ്ഞു. ഇടതുമുന്നണിയുടെ ജാഥകളിലൊന്നിന്‍റെ ക്യാപ്റ്റന്‍ താന്‍ തന്നെയായിരിക്കുമെന്നും ജോസ് കൂട്ടിച്ചേര്‍ത്തു. റോഷി അഗസ്റ്റിനുമായി ഭിന്നതയില്ലെന്നും റോഷി സംസാരിച്ചത് തന്‍റെ നിര്‍ദേശപ്രകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണിമാറ്റത്തിന്‍റെ അഭ്യൂഹം തള്ളിയപ്പോഴും കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ അധികാരമുണ്ടാകുമെന്ന പരാമര്‍ശവും അദ്ദേഹം നടത്തി.
ഇന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുന്നത്. അതിലെ തീരുമാനം കാത്തിരിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ പിന്നീട് ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതേയുള്ളു എന്നാണ് എല്‍ഡിഎഫ് നിലപാട്. അഥവാ മുന്നണി മാറാനുള്ള ആവശ്യം സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നാലും മന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുമെന്നും എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നുമുണ്ട്. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിനെ ഇനി പിന്നാലെ നടന്ന് വിളിക്കാനില്ലെന്നും വരണമെന്നുണ്ടെങ്കില്‍ അവര്‍ ആഗ്രഹം പ്രകടിപ്പിക്കട്ടേയെന്ന നിലപാടിലാണ് യുഡിഎഫ് നേതൃത്വം.