യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസുമടക്കം ഒരുപിടി യുവനേതാക്കളാണ് ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗ് മേല്‍വിലാസത്തില്‍ മല്‍സരിക്കാനൊരുങ്ങുന്നത്. എന്നാല്‍, ടേം വ്യവസ്ഥ നടപ്പാക്കപ്പെട്ടെങ്കിലേ ഈ യുവനേതാക്കള്‍ക്ക് സ്ഥാനാര്‍ഥി കുപ്പായം അണിയാനാകൂ.
2021ല്‍ വെറും 985 വോട്ടുകള്‍ക്കാണ് താനൂരില്‍ വി. അബ്ദുറഹ്മാനോട് പി.കെ. ഫിറോസ് അടിയറവ് പറഞ്ഞത്. പക്ഷെ ഇത്തവണ പി.കെ. ഫിറോസിനെ പരിഗണിക്കുന്നത് സിറ്റിങ് സീറ്റായ കൊടുവള്ളിയിലേയ്ക്കാണ്. എം.കെ. മുനീര്‍ കോഴിക്കോട് സൗത്തിലേയ്ക്ക് മാറുന്ന സാഹചര്യത്തിലാണ് പി.കെ. ഫിറോസ് കൊടുവള്ളിയിലെത്താനുള്ള സാധ്യതകള്‍ ഉയര്‍ന്നത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ പി.കെ. നവാസാണ് സ്ഥാനാര്‍ഥി ചര്‍ച്ചയില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റൊരു യുവനേതാവില്‍ പ്രധാനി. മലപ്പുറത്തെ ഏതെങ്കിലും മണ്ഡലമാകും നവാസിന് ലഭിക്കുക. ലീഗ് ദേശീയ അസി. സെക്രട്ടറി ഫൈസല്‍ ബാബു, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. അഷ്റഫലി എന്നിവരും സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയേറെയാണ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയവരെ പരിഗണിക്കണമെന്നും വേണ്ടെന്നുമുള്ള രണ്ടഭിപ്രായം പാര്‍ട്ടിക്കകത്തുണ്ട്. പരിഗണിക്കാനാണ് തീരുമാനമെങ്കില്‍ യൂത്ത് ലീഗ് നേതാക്കളായ ടി.പി.എം ജിഷാന്‍, ഫാത്തിമ തെഹ്ലിയ എന്നിവരും പട്ടികയില്‍ ഇടം പിടിച്ചേക്കാം. ടേം വ്യവസ്ഥ നടപ്പായാല്‍ ആറ് സിറ്റിങ് എംഎല്‍എമാര്‍ക്ക് ഇത്തവണ മാറി നില്‍ക്കേണ്ടി വരും. അത് യുവനേതാക്കള്‍ക്കാകും കൂടുതല്‍ ഗുണം ചെയ്യുക.