kerala-congress-m

കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫ് വിടുമെന്ന അഭ്യൂഹം ശക്തം. പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരില്‍ രണ്ടു പേര്‍ ''തുടരും'' എന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടപ്പോള്‍ മൂന്നു പേര്‍ മൗനത്തിലാണ്. എല്‍ഡിഎഫ് യോഗങ്ങളില്‍ നിന്നും വിട്ടു നിന്നതിന് ശേഷം എല്‍ഡിഎഫിന്‍റെ സമരത്തിലും പങ്കെടുക്കാതിരുന്ന പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ നിലപാടിനിടെയാണ് മുന്നണി മാറ്റ അഭ്യൂഹങ്ങള്‍ ശക്തമായത്. 

നിയമസഭയില്‍ കേരള കോണ്‍ഗ്രസിന് അഞ്ച് എംഎല്‍എമാരാണുള്ളത്. ഇതില്‍ മന്ത്രി റോഷി അഗസ്റ്റിനും റാന്നി എംഎല്‍എ പ്രമോദ് നാരായണനും 'തുടരും' എന്ന പോസ്റ്റിട്ടു. മുന്നണിമാറ്റ അഭ്യൂഹങ്ങള്‍ക്കിടെ എന്‍. ജയരാജ്, സെബാസ്റ്റ്യന്‍ കളത്തുങ്കല്‍, ജോബ് മൈക്കില്‍ എന്നിവര്‍ മൗനത്തിലാണ്.

കേരള കോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് മടങ്ങുമെന്നും സോണിയ ഗാന്ധി ജോസിനെ ഫോണില്‍ വിളിച്ചെന്നുമായിരുന്നു വാര്‍ത്തകള്‍. സോണിയ വിളിച്ചെന്ന വാര്‍ത്ത ഹൈക്കമാന്‍ഡ് തള്ളി. സോണിയ ഗാന്ധി ആശുപത്രിയിലായിരുന്നുവെന്നും അത്തരം വാര്‍ത്തകള്‍ തെറ്റായിരുന്നുവെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി. 

അതേസമയം, വാര്‍ത്തകള്‍ തള്ളി മന്ത്രി റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളെ കണ്ടു. അഭ്യൂഹങ്ങള്‍ക്ക് എന്തിന് മറുപടി പറയണം എന്നാണ് റോഷി അഗസ്റ്റിന്‍ ചോദിച്ചത്. ജോസ് കെ മാണി പങ്കെടുക്കാത്ത സാഹചര്യം വിശദീകരിച്ചിട്ടുണ്ട്. എല്‍ഡിഎഫ് പരിപാടിയില്‍ അഞ്ച് എംഎല്‍എമാരും പങ്കെടുത്തു. പിന്നെന്ത് അഭ്യൂഹമാണെന്നും അദ്ദേഹം ചോദിച്ചു.

കേരള കോണ്‍ഗ്രസ് എം ധാര്‍മിതകയും വിശ്വാസ്യതയും പണയം വെച്ചിട്ടില്ല. എല്‍ഡിഎഫിനൊപ്പമാണ്. തുടരില്ലെന്ന് പറയാന്‍ എന്താണുണ്ടായതെന്നും അദ്ദേഹം ചോദിച്ചു. മുന്നണി മാറ്റത്തില്‍ സഭയുടെ ഇടപെടലുകളെയും അദ്ദേഹം തള്ളി. സഭ കേരള കോണ്‍ഗ്രസിന്‍റെ വിഷയത്തില്‍ ഇടപെടില്ലെന്നും തന്‍റെ രാഷ്ട്രീയ പരിചയത്തില്‍ അത്തരമൊരു കാര്യം ഉണ്ടായിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. 

ENGLISH SUMMARY:

Kerala Congress Mani faction political uncertainty continues as speculations arise about a potential shift from the LDF alliance. This follows a period of silence from key party members and absence from LDF meetings, creating doubt about the future direction of the faction within the coalition.