Image: facebook.com/josek.mani
എല്‍ഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ചെയര്‍മാന്‍ ജോസ് െക. മാണി. പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോള്‍ പുറത്തു വരുന്ന ചർച്ചകൾക്ക് മാണി ഗ്രൂപ്പുമായി ബന്ധവുമില്ലെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. സ്വകാര്യ ആവശ്യങ്ങള്‍ക്കായി കേരളത്തിന് പുറത്തായതിനാലാണ് എല്‍ഡിഎഫിന്‍റെ സമരപരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തിരുന്നതെന്നും അദ്ദേഗം വിശദീകരിച്ചു.
ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയിൽ പങ്കെടുക്കില്ലെന്ന് മുന്നണി നേതാക്കളെ മുന്‍കൂട്ടി അറിയിച്ചതാണ്. ഇതിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും കേരള കോൺഗ്രസ് എം ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകുമെന്നും ജോസ് കെ. മാണി എഴുതി.
നേരത്തെ മുന്നണി മാറ്റ വാര്‍ത്തകള്‍ മന്ത്രി റോഷി അഗസ്റ്റിനും തള്ളിയിരുന്നു. കേരള കോണ്‍ഗ്രസ് എം ധാര്‍മിതകയും വിശ്വാസ്യതയും പണയം വെച്ചിട്ടില്ല. എല്‍ഡിഎഫിനൊപ്പമാണെന്നായിരുന്നു റോഷിയുടെ വാക്കുകള്‍. തുടരില്ലെന്ന് പറയാന്‍ കാരണങ്ങളൊന്നുമില്ലെന്നും അഭ്യൂഹങ്ങള്‍ക്ക് എന്തിന് മറുപടി പറയണം എന്നുമാണ് റോഷി അഗസ്റ്റിന്‍ ചോദിച്ചത്. മുന്നണി മാറ്റത്തില്‍ സഭയുടെ ഇടപെടലുകളെയും അദ്ദേഹം തള്ളി. സഭ കേരള കോണ്‍ഗ്രസിന്‍റെ വിഷയത്തില്‍ ഇടപെടില്ലെന്നും തന്‍റെ രാഷ്ട്രീയ പരിചയത്തില്‍ അത്തരമൊരു കാര്യം ഉണ്ടായിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
മുന്നണി മാറുന്നത് സംബന്ധിച്ച് എംഎല്‍എമാര്‍ രണ്ടു തട്ടിലാണെന്നാണ് വിവരം. നിയമസഭയില്‍ കേരള കോണ്‍ഗ്രസിന് അഞ്ച് എംഎല്‍എമാരാണുള്ളത്. ഇതില്‍ മന്ത്രി റോഷി അഗസ്റ്റിനും റാന്നി എംഎല്‍എ പ്രമോദ് നാരായണനും 'തുടരും' എന്ന പോസ്റ്റിട്ടു. മുന്നണിമാറ്റ അഭ്യൂഹങ്ങള്‍ക്കിടെ എന്‍. ജയരാജ്, സെബാസ്റ്റ്യന്‍ കളത്തുങ്കല്‍, ജോബ് മൈക്കില്‍ എന്നിവര്‍ മൗനത്തിലാണ്. ഇതാണ് അഭ്യൂഹങ്ങള്‍ ശക്തമാകാന്‍ കാരണമായത്.