കോഴിക്കോട് വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ ആര്‍ജെഡി സംസ്ഥാന പ്രസിഡന്‍റ് എംവി ശ്രേയാംസ് കുമാറിന് മേല്‍ സിപിഎം സമ്മര്‍ദ്ദം. കല്‍പ്പറ്റയിലും കൂത്തുപറമ്പിലും മല്‍സരിക്കാനും ആര്‍ജെഡിക്ക് തത്വത്തില്‍ അനുമതി നല്‍കി. സീറ്റുകള്‍ തിരിച്ചെടുത്തേയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സിപിഎം ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നത്.
Also Read: തുടര്‍ഭരണത്തിന് യുവനിരയുമായി സിപിഎം?; സാധ്യതകൾ ഇങ്ങനെ.
വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാവുക ഇത്തവണയും സിറ്റിങ് എംഎല്‍എ കെകെ രമയാകുമെന്ന് ഉറപ്പാണ്. അയ്യായിരം വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് 2021 ല്‍ തോറ്റത്. ഇത്തവണ ആര്‍ജെഡി സംസ്ഥാന പ്രസിഡന്‍റ് എംവി ശ്രേയാംസ് കുമാര്‍ തന്നെ മല്‍സരിച്ചാല്‍ മണ്ഡലം പിടിച്ചെടുക്കാനാകുമെന്നാണ് സിപിഎമ്മിന്‍റെ കണക്കുകൂട്ടല്‍. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിപിഎം ആര്‍ജെഡിക്ക് മുന്നില്‍ ഈ ആവശ്യം മുന്നോട്ട് വച്ചത്. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ച്ചയില്‍ മുഖ്യമന്ത്രിയും ശ്രേയാംസ്കുമാറിനോട് ഇക്കാര്യം സൂചിപ്പിച്ചു.
എന്നാല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തല്‍ക്കാലം ഒരുക്കമല്ലെന്നാണ് ശ്രേയാംസ് കുമാറിന്‍റെ നിലപാട്. അങ്ങനെയെങ്കില്‍ പൊതുസ്വീകാര്യനായ സ്വതന്ത്രനെ നിര്‍ത്തേണ്ടി വരുമെന്നാണ് സിപിഎം വാദം. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ഉടന്‍ ആര്‍ജെഡി നേതൃയോഗം ചേരും. ആര്‍ജെഡി മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണെങ്കിലും പലതവണയായി സംസ്ഥാന പ്രസിഡന്‍റ് ഇക്കാര്യം നിഷേധിച്ചുകഴിഞ്ഞു.
കല്‍പ്പറ്റയില്‍ പുതുമുഖ സ്ഥാനാര്‍ഥിയെ തേടാനാണ് ആര്‍ജെഡി ആലോചിക്കുന്നത്. കഴിഞ്ഞ തവണ എംവി ശ്രേയാംസ്കുമാര്‍ കോണ്‍ഗ്രസിന്‍റെ ടി. സിദ്ധിഖിനോടാണ് അടിയറവ് പറഞ്ഞത്. കൂത്തുപറമ്പ് ആര്‍ജെഡിയുടെ ഏക സിറ്റിങ് സീറ്റാണ്. എന്നാല്‍ കെ.പി മോഹനന്‍ എംഎല്‍എയോടുള്ള മുറുമുറുപ്പ് മണ്ഡലത്തില്‍ ശക്തമാണെന്നാണ് ആര്‍ജെഡിയുടേയും സിപിഎമ്മിന്‍റേയും വിലയിരുത്തല്‍. അതിനാല്‍ കൂത്തുപറമ്പിലും പുതുമുഖ സ്ഥാനാര്‍ഥിക്കാണ് സാധ്യത കൂടുതല്‍.