കോഴിക്കോട് കുറ്റ്യാടി വേണമെന്ന പിടിവാശി ഉപേക്ഷിച്ച് കേരള കോണ്‍ഗ്രസ് എം. പകരം പേരാമ്പ്ര മതിയെന്ന് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഇക്ബാലും ജില്ലാ പ്രസിഡന്‍റ് ടിഎം ജോസഫും മനോരമ ന്യൂസിനോട് പറഞ്ഞു. സീറ്റ് ലഭിച്ചാല്‍ മുഹമ്മദ് ഇക്ബാലാകും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 

കുറ്റ്യാടി സീറ്റിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കുമില്ലെന്ന പഴയ നിലപാടില്‍ നിന്ന് പതുക്കെ പിന്നോക്കം പോവുകയാണ് കേരള കോണ്‍ഗ്രസ് എം.  കുറ്റ്യാടി ഇല്ലെങ്കില്‍ പേരാമ്പ്രയെ ആണ് നോട്ടമിടുന്നത്. 

കുറ്റ്യാടി നല്‍കാനാകില്ലെന്ന നിലപാടിലാണ് സിപിഎമ്മും. ‌ 2021 ല്‍ ലീഗില്‍ നിന്ന് മണ്ഡലം പിടിച്ചെടുത്തത് വെറും 333 വോട്ടുകള്‍ക്കാണ്. ഇത്തവണയും മുന്‍ എംഎല്‍എ കൂടിയായ പാറക്കല്‍ അബ്ദുല്ല യുഡിഎഫ് സ്ഥാനാര്‍ഥിയായി എത്തിയാല്‍ മല്‍സരം കടുക്കും. അവിടെ സിറ്റിങ് എംഎല്‍എയെ തന്നെ മല്‍സരിച്ചാല്‍ കാര്യങ്ങള്‍ എളുപ്പവമാവുകയും ചെയ്യും. മാത്രമല്ല നിലവിലെ എംഎല്‍എ കെപി കുഞ്ഞമ്മദ് കുട്ടിയെ മല്‍സരിപ്പിക്കണമെന്ന സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ ആവശ്യം തള്ളിയാല്‍ കഴിഞ്ഞ തവണ മണ്ഡലത്തിലുണ്ടായ സമാന പ്രതിഷേധങ്ങള്‍ക്കും പോര്‍വിളികള്‍ക്കും സാധ്യതയുണ്ട്. ഇതുകൂടി മുന്‍കൂട്ടി കണ്ടാണ് കുറ്റ്യാടി തരാനാകില്ലെന്ന് സിപിഎം നിലപാടെടുക്കുന്നത്. കേരള കോണ്‍ഗ്രസ് എം പ്രാദേശിക നേതൃത്വവും ആഗ്രഹിക്കുന്നത് കുറ്റ്യാടിയേക്കാള്‍ പേരാമ്പ്രയാണ്. മൂന്ന് ടേം തികഞ്ഞതിനാല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന് മണ്ഡലം ഒഴിയുന്നതും സീറ്റ് കൈമാറുന്നത് എളുപ്പമാക്കും. 

ENGLISH SUMMARY:

Kerala Congress M is now considering Perambra constituency after relinquishing their insistence on the Kuttiyadi seat. State Secretary Muhammed Iqbal and District President TM Joseph conveyed this to Malayala Manorama News, indicating Muhammed Iqbal might be the LDF candidate if the seat is allocated.