മുന്നണിമാറ്റത്തെച്ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ അഭിപ്രായ വ്യത്യാസവും ധര്‍മസങ്കടവും മുറുകുന്നു. എല്‍ഡിഎഫിനൊപ്പം നില്‍ക്കാനാണ് തല്‍ക്കാലം തീരുമാനമെങ്കിലും മുഴുവന്‍ നേതാക്കള്‍ക്കും യോജിപ്പില്ല. യുഡിഎഫിനൊപ്പം പോകുന്നത് വഞ്ചനയായി ചിത്രീകരിക്കപ്പെടുമെന്ന ആശങ്കയുണ്ട്. മുന്നണി മാറ്റത്തിന് ക്രൈസ്തവ സഭാ നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നും സമ്മര്‍ദവുമുണ്ട്.
കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നത് പാതിമനസോടെയാണ് എന്നാണ് പുറത്തുവരുന്ന സൂചനകള്‍. മുന്നണി മാറ്റ സാധ്യതകള്‍ പാര്‍ട്ടി എംഎല്‍എമാരും നേതാക്കളും അവലോകനം ചെയ്തു. വിജയസാധ്യത എത്രത്തോളമുണ്ടെന്നതില്‍ പല നേതാക്കളും ആശങ്ക പങ്കുവച്ചുവെന്നാണ് സൂചന. ചങ്ങനാശേരി, പൂഞ്ഞാര്‍ എംഎല്‍എമാര്‍ക്ക് യുഡിഎഫിനൊപ്പം പോയാല്‍ കൊള്ളാം എന്നുണ്ട്. എല്‍ഡിഎഫിനൊപ്പം നില്‍ക്കണമെന്ന ഉറച്ച നിലപാടിലാണ് റോഷി അഗസ്റ്റിന്‍.
മുന്നണി മാറ്റം പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ക്കും എന്ന് റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍ ചൂണ്ടിക്കാട്ടി. ജോസ് കെ മാണി കൃത്യമായൊരു തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. കൂട്ടായതീരുമാനത്തിനൊപ്പം നില്‍ക്കുമെന്നാണ് ജോസ് കെ മാണി അറിയിച്ചിട്ടുള്ളത്. യുഡിഎഫിലേയ്ക്ക് പോകുന്നതിനോട് സഭാ നേതൃത്വത്തിന് അനുകൂല സമീപനമാണ്. മുസ്‍ലിം ലീഗും പിന്തുണയ്ക്കുന്നു.
എന്നാല്‍ കോണ്‍ഗ്രസ് ഇതുവരെയും ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തിട്ടില്ലെന്നത് കേരള കോണ്‍ഗ്രസ് എമ്മിനെ പ്രതിസന്ധിയിലാക്കുന്നു. മുന്നണി മാറ്റത്തിന് വൈകാരികമോ, രാഷ്ട്രീയമോ ആയ കൃത്യമായ കാരണം ഉയര്‍ത്തിക്കാട്ടാനില്ലാത്തതിനാല്‍ എല്‍ഡിഎഫില്‍ തുടരാം എന്നാണ് നിലവില്‍ എടുത്തിരിക്കുന്ന തീരുമാനം. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ മുന്നണി മാറുന്നത് വഞ്ചനയായി ചിത്രീകരിക്കപ്പെടുമെന്ന ആശങ്ക പാര്‍ട്ടിയിലുണ്ട്.
ജോസ് കെ മാണിയും സംഘവും യുഡിഎഫിലേയ്ക്ക് വരുന്നതിനെ ജോസഫ് ഗ്രൂപ്പ് തുറന്നെതിര്‍ക്കുന്നതും നിര്‍ണായകമാണ്. ഉയര്‍ത്തിക്കാട്ടാന്‍ കൃത്യമായ കാരണം, കോണ്‍ഗ്രസിന്‍റെ ക്ഷണം, ജോസഫ് ഗ്രൂപ്പിന്‍റെ മനംമാറ്റം, സീറ്റുകള്‍ തുടങ്ങി സാഹചര്യം അനുകൂലമായാല്‍ മാത്രം തീരുമാനം. അതുവരെ എല്‍ഡിഎഫിനൊപ്പം നില്‍ക്കുക. ഇതാണ് കേരള കോണ്‍ഗ്രസ് എം സ്വീകരിച്ചിട്ടുള്ള പ്രയോഗിക പരിഹാരം.