മന്ത്രി റോഷി അഗസ്റ്റിന്റെ ഇടുക്കി മണ്ഡലം പിടിച്ചെടുക്കാൻ അരയും തലയും മുറുക്കി കോൺഗ്രസ്. കേരള കോൺഗ്രസ് മല്‍സരിച്ചാൽ വിജയ സാധ്യത ഇല്ലെന്നാണ് കോൺഗ്രസ് ജില്ല നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. പി.ജെ.ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെയോ ജില്ല പ്രസിഡന്റ് എം.ജെ.ജേക്കബിനെയോ കളത്തിലിറക്കാനാണ് കേരള കോൺഗ്രസിന്റെ നീക്കം.
ഇടതുപക്ഷത്തേക്ക് പോയെങ്കിലും റോഷി അഗസ്റ്റിന്റെ വിജയത്തിന് പ്രധാന കാരണം കോൺഗ്രസ് വോട്ടുകളാണ്. ഇതിനു തടയിടാൻ കൈപ്പത്തി ചിഹ്‌നത്തിൽ തന്നെ മണ്ഡലത്തിൽ സ്ഥാനാർഥി വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി അടക്കമുള്ളവർ ആവശ്യം ഉന്നയിച്ച് പരസ്യമായി രംഗത്തെത്തി. എന്നാൽ വിട്ടുവീഴ്ചയ്ക്ക് കേരള കോൺഗ്രസ് ഇതുവരെ തയാറായിട്ടില്ല. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
തദ്ദേശ തിരഞ്ഞെടുപ്പിൽ 16,000 വോട്ടിന്റെ ഭൂരിപക്ഷവും കട്ടപ്പന നഗരസഭയും ഒന്‍പത് പഞ്ചായത്തുകളും യു ഡി എഫിനൊപ്പമാണ്. ഇടുക്കി സീറ്റ് വേണമെന്ന ആവശ്യം കോൺഗ്രസ് ജില്ല നേതൃത്വം കെപിസിസിയെ അറിയിച്ചെങ്കിലും പി.ജെ.ജോസഫുമായി തുറന്നതർക്കം ആഗ്രഹിക്കുന്നില്ല. സീറ്റ് വിഭജന ചർച്ചകൾ ഔദ്യോഗികമായി തുടങ്ങിയ ശേഷം നിലപാട് പരസ്യമാക്കാനാണ് കോൺഗ്രസിന്റെ നീക്കം.