സീറ്റുകള്‍ വച്ചുമാറാന്‍ യുഡിഎഫില്‍ സമ്മര്‍ദം ശക്തമാക്കി ആര്‍.എസ്.പി. വിജയസാധ്യതയില്ലാത്ത മട്ടന്നൂര്‍, ആറ്റിങ്ങല്‍ പോലെയുള്ള സീറ്റുകള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് ആര്‍എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു. സീറ്റ് വിഭജനം അന്തിമമാക്കാന്‍ അടുത്താഴ്ച കോണ്‍ഗ്രസ്– ആര്‍.എസ്.പി ഉഭയകക്ഷി ചര്‍ച്ച നടക്കും.
യുഡിഎഫില്‍ അഞ്ചു സീറ്റുകളാണ് ആര്‍.എസ്.പിക്ക്. കൊല്ലം ജില്ലയില്‍ ചവറ, ഇരവിപുരം, കുന്നത്തൂര്‍. തിരുവനന്തപുരത്ത് ആറ്റിങ്ങല്‍, അഞ്ചാം സീറ്റായി 2016ല്‍ കിട്ടിയത് കയ്പമംഗലം. 2021ല്‍ മട്ടന്നൂര്‍. വിജയസാധ്യതയില്ലാത്ത ഇത്തരം സീറ്റുകള്‍ വേണ്ടെന്നാണ് ആര്‍.എസ്.പിയുടെ നിലപാട്.
മട്ടന്നൂരും ആറ്റിങ്ങലും വേണ്ടെന്ന് പറയുന്ന ആര്‍.എസ്.പി പകരം മനസില്‍ കാണുന്നത് വാമനപുരവും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഏതെങ്കിലും ഒരു സീറ്റുമാണ്. വാമപുരത്ത് കെ.എസ്.സനല്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കാനാണ് ആലോചന. പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടത്ത് കരുത്തനെ ഇറക്കാന്‍ ആഗ്രിക്കുന്ന കോണ്‍ഗ്രസ്, ശൈലജയുടെ സിറ്റിങ് സീറ്റായ മട്ടന്നൂര്‍ ഏറ്റെടുക്കാന്‍ തയാറായേക്കും. എന്നാല്‍, പകരം ഏത് സീറ്റ് നല്‍കുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്.