എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്റെ പ്രസ്താവനക്കെതിരെ മന്ത്രി വി അബ്ദുറഹിമാൻ. വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധ പരാമർശവും ഒരു മതത്തെ ഒന്നിച്ച് ആക്ഷേപിച്ചതും ശരിയായില്ല. അതിരുകടന്ന അഭിപ്രായ പ്രകടനങ്ങൾ പൊതുസമൂഹത്തിന് നല്ലതല്ലെന്ന് മനസിലാക്കണം. മുഖ്യമന്ത്രി വെളളാപ്പള്ളിയെ കാറിൽ കയറ്റിയത് സ്വാഭാവികമായി സംഭവിച്ചു പോയതാണെന്നും അതിൽ തെറ്റില്ലെന്നും മന്ത്രി വി. അബ്ദുറഹിമാൻ മനോരമ ന്യൂസിനോട് പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍ നടത്തിയ മലപ്പുറം പരാമര്‍ശത്തെ മുഖ്യമന്ത്രി ഗൗരവത്തിലെടുത്തില്ലെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളിലും ഉയര്‍ന്നിരുന്നു. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ ഉദ്ദേശിച്ചാണ് വെള്ളാപ്പള്ളി പറഞ്ഞതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം. ഏതെങ്കിലും മതവിഭാഗത്തിനെതിരെ നിലപാട് സ്വീകരിക്കുന്നയാളല്ല വെള്ളപ്പള്ളിയെന്ന് അദ്ദേഹത്തെ അറിയുന്നവര്‍ക്ക് അറിയാമെന്നും വിവിധ മതവിഭാഗത്തില്‍പ്പെട്ടവരെ യോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിന് വെള്ളാപ്പള്ളി വഹിച്ച പങ്ക് എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി ചേര്‍ത്തലയില്‍ പറഞ്ഞിരുന്നു. സരസ്വതീവിലാസം നാക്കിലുണ്ട്. തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കുന്ന സാഹചര്യം വെള്ളാപ്പള്ളിയുടെ ഒരു പ്രസംഗത്തില്‍ വന്നു. ഇക്കാര്യത്തില്‍ അവധാനത വേണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
അതേസമയം, വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ നിലപാടുകൾ അംഗീകരിക്കുമെന്നും അതേസമയം യോജിക്കാന്‍ പറ്റാത്തത് പാര്‍ട്ടി തള്ളുകയും ചെയ്യുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പ്രതികരണം. മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ സർക്കാരുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അടുത്ത മാറാട് കലാപത്തിനാണ് മുസ്ലിം ലീഗിന്‍റെ ശ്രമമെന്നും മുസ്ലിംകളെ ഈഴവരുമായി തെറ്റിക്കാന്‍ ശ്രമിക്കുന്നുവെന്നും സത്യം പറഞ്ഞതിന് തന്നെ ആക്രമിക്കുകയാണ് എന്നുമായിരുന്നു വെള്ളപ്പാള്ളി നടേശന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഈഴവര്‍ക്ക് മലപ്പുറത്ത് സ്കൂളുകളും കോളജുകളും ഇല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലെന്ന് താന്‍ പറഞ്ഞപ്പോള്‍ ഉണ്ടെന്നായിരുന്നു കാന്തപുരത്തിന്‍റെ മറുപടി. അത് അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും വാര്‍ത്താസമ്മേളനത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു. പുല്‍പ്പള്ളിയില്‍ 25 ഏക്കര്‍ സ്ഥലമുണ്ട്. ഓരോ വര്‍ഷവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി അപേക്ഷ നല്‍കും എന്നാല്‍ അനുവദിക്കില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.